ഏഴ് തായ്‌വാൻ ഉദ്യോഗസ്ഥരെ കരിമ്പട്ടികയിൽ പെടുത്തി ചൈന

ഏഴ് തായ്‌വാൻ ഉദ്യോഗസ്ഥരെ ചൈന കരിമ്പട്ടികയിൽ പെടുത്തി. സ്വയംഭരണത്തെ പിന്തുണച്ചതിന്റെ പേരിലാണ് നടപടി. ചൈനയിലെയും ഹോങ്കോങ്, മക്കാവു പ്രദേശങ്ങളിലെയും പ്രധാന നഗരങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ വിലക്കുമെന്നും ചൈനീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ നിയന്ത്രിക്കുമെന്നും ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടിയുടെ തായ്‌വാൻ വർക്ക് ഓഫീസ് അറിയിച്ചു. അമേരിക്കയിലെ തായ്‌വാൻ പ്രതിനിധി ബി-ഖിം ഹ്സിയാവോയും നടപടിയെടുത്ത ഏഴ് ഉദ്യോഗസ്ഥരിൽ ഒരാളാണ്.

ഉപരോധത്തിന് മറുപടിയായി ദ്വീപ് ഒരു ജനാധിപത്യ രാജ്യമാണെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചൈനക്ക് ഇടപെടാൻ കഴിയില്ല. ഇതിലും കൂടുതലായി സ്വേച്ഛാധിപത്യവും ഏകാധിപത്യപരവുമായ സംവിധാനങ്ങളിൽ നിന്നുള്ള ഭീഷണികൾ അംഗീകരിക്കാനാവില്ലെന്ന് മന്ത്രാലയ വക്താവ് ജോവാൻ ഔ തായ്‌പേയിൽ പറഞ്ഞതായാണ് റിപ്പോർട്ട് . യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം മുതൽ ദ്വീപിൽ ചൈന സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്.