വേദിയിൽ ദേശീയപതാക വീശാൻ ചൈന സമ്മതിച്ചില്ല; പൊട്ടിക്കരഞ്ഞ് മിസ് തായ്‌വാൻ

തായ്‌പെയ്: മലേഷ്യയിൽ നടന്ന പരിപാടിയിൽ മിസ് തായ്‌വാൻ കാവോ മാൻ-ജങ് ദേശീയപതാക കയ്യിലേന്തുന്നത് തടയാൻ, ചൈന സംഘാടകരിൽ സമ്മദർദം ചെലുത്തിയെന്ന ആരോപണവുമായി തായ്‌‌‌വാൻ. 2022 വേൾഡ് കോൺഗ്രസ്‌ ഓൺ ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയുടെ ഉദ്ഘാടന ചടങ്ങിനിടെയാണ് ദേശീയപതാക വീശുന്നതിൽനിന്നു മിസ്‌ തായ്‌വാനെ തടഞ്ഞത്. സൗന്ദര്യമത്സരത്തിലെ മറ്റു മത്സരാർത്ഥികൾ സ്വന്തം രാജ്യത്തിന്റെ ദേശീയപതാകയുമായി വേദിയിൽ വന്നപ്പോൾ, കാവോ മാൻ-ജങ് പൊട്ടിക്കരഞ്ഞതായി തായ്‌വാൻ അധികൃതർ പറഞ്ഞു

“ഞങ്ങളുടെ ദേശീയപതാക വേദിയിൽ പിടിക്കുന്നതിൽനിന്നു മിസ് കാവോയെ വിലക്കാൻ ചൈന, മലേഷ്യൻ സംഘാടകരിൽ സമ്മർദ്ദം ചെലുത്തി.” തായ്‌വാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സംഘാടകർക്ക് ഔദ്യോഗികമായി പരാതി നൽകാൻ മലേഷ്യയിലെ പ്രതിനിധി ഓഫിസിന് നിർദേശം നൽകിയെന്നും ഇത്തരം അടിച്ചമർത്തലുകൾ തായ്‌വാൻ ജനതയിലും രാജ്യാന്തര സമൂഹത്തിലും ചൈനയ്ക്കെതിരെ കൂടുതൽ വെറുപ്പുളവാക്കുമെന്നും അവർ വ്യക്തമാക്കി. സ്റ്റേജിൽ കയറുന്നതിന് തൊട്ടുമുൻപാണ് ദേശീയപതാക എടുക്കുന്നതിൽനിന്ന് കാവോയെ തടഞ്ഞതെന്നാണ് റിപ്പോർട്ട്.

യുഎസ് പോപ് താരങ്ങളായ മഡോണയും കാറ്റി പെറിയും ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾ തായ്‌വാൻ പതാക കാണിച്ചതിനെ എതിർത്തും മുൻപ് ചൈന രംഗത്തെത്തിയിരുന്നു. തായ്‌വാന്റെ സ്വാതന്ത്ര്യത്തിനായുള്ള പിന്തുണയായാണ് ഇതിനെ ചൈന കാണുന്നത്. 2016ൽ, ഒരു ഓൺലൈൻ പരിപാടിക്ക് ദേശീയപതാക വീശിയതിന് കൗമാരക്കാരിയായ തായ്‌വാനീസ് കെ-പോപ്പ് ഗായിക ക്ഷമാപണം നടത്താൻ നിർബന്ധിതയായിരുന്നു. ‌സ്വയം ഭരണമുള്ള താ യ്‌വാനെ സ്വന്തം പ്രവിശ്യയായാണു ചൈന കാണുന്നത്.