വിദേശത്ത് നിന്നെത്തുന്നവർക്കുള്ള നിർബന്ധിത ക്വാറൻ്റൈൻ അവസാനിപ്പിച്ച് ചൈന

ബെയ്ജിം​ഗ്: കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്‍റൈൻ നിബന്ധനയും പിൻവലിച്ച് ചൈന. ജനുവരി 8 മുതൽ വിദേശത്ത് നിന്ന് ചൈനയിലെത്തുന്ന യാത്രക്കാർക്ക് നിർബന്ധിത ക്വാറന്‍റൈൻ ഉണ്ടായിരിക്കില്ല. എന്നാൽ, വിദേശത്ത് നിന്ന് എത്തുന്നവർ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടി വരും.

ചൈന പ്രഖ്യാപിച്ച സിറോ-കോവിഡ് ടോളറൻസ് നയത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധന ഇതോടെ ഒഴിവാകുന്നു. നിലവിൽ, വിദേശത്ത് നിന്ന് എത്തുന്നവർക്ക് ചൈന 5 ദിവസത്തെ നിർബന്ധിത ക്വാറന്‍റൈനാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം, വിസ അനുവദിക്കുന്നതിനു ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിൻവലിക്കുമെന്ന് ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ചൈനയിലെ രോഗവ്യാപനം മാറ്റമില്ലാതെ തുടരുന്നു. എല്ലാ ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. 

ചൈന ഔദ്യോഗികമായി ഒരു കണക്കും പുറത്തുവിട്ടിട്ടില്ലെങ്കിലും 10 ലക്ഷത്തിലധികം ആളുകൾ നിലവിൽ രോഗബാധിതരാണെന്ന് ബ്രിട്ടീഷ് ആരോഗ്യ സംഘടനയായ എയർഫിനിറ്റി റിപ്പോർട്ട് ചെയ്യുന്നു. ഓരോ ദിവസവും 5,000 ലധികം കോവിഡ് മരണങ്ങളാണ് ചൈനയിൽ നടക്കുന്നതെന്ന് സംഘടന പറയുന്നു.