പാകിസ്ഥാനിൽ നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ച് ചൈന

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്ന് കഴുതകളെയും നായ്ക്കളെയും ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ഇത് രാജ്യത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കും. ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിലും സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും നടത്തിയ ചർച്ചയിൽ പാകിസ്ഥാനിൽ നിന്ന് കഴുതകളുടെയും നായ്ക്കളുടെയും മാംസം ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്.

പാകിസ്ഥാനിൽ നിന്ന് ഇറച്ചി കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ച് ചൈനീസ് അംബാസഡറുമായി നിരവധി തവണ സംസാരിച്ചതായി സെനറ്റർ അബ്ദുൾ ഖാദർ കമ്മിറ്റിയെ അറിയിച്ചു. അഫ്ഗാനിസ്ഥാനിൽ മൃഗങ്ങൾക്ക് താരതമ്യേന വിലകുറവായതിനാൽ പാകിസ്ഥാന് അവിടെ നിന്ന് ഇറച്ചി ഇറക്കുമതി ചെയ്യാമെന്നും അതേ ഇറച്ചി ചൈനയിലേക്ക് കയറ്റുമതി ചെയ്യാമെന്നും സമിതിയിലെ ഒരു അംഗം നിർദ്ദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

എന്നാൽ, മൃഗങ്ങളിൽ ചർമ്മ അണുബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ അഫ്ഗാനിസ്ഥാനിൽ നിന്നുള്ള മൃഗങ്ങളുടെ ഇറക്കുമതി താൽക്കാലികമായി നിരോധിച്ചതായി വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥർ സമിതിയെ അറിയിച്ചു. പരമ്പരാഗത ചൈനീസ് മരുന്നുകളായ “ഇജാവോ” അല്ലെങ്കിൽ കഴുത-ഹൈഡ് ജെലാറ്റിൻ നിർമ്മിക്കാൻ കഴുത ഇറച്ചി ആവശ്യമാണ്. കഴുതകളുടെ എണ്ണത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമാണ് പാകിസ്ഥാൻ. നേരത്തെയും പാകിസ്ഥാനിൽ നിന്ന് ചൈനയിലേക്ക് ഇറച്ചി കയറ്റുമതി ചെയ്തിരുന്നു.