എതിർപ്പ് അവഗണിച്ച് ചൈന; ചാരക്കപ്പൽ ശ്രീലങ്കയിലേക്ക്

ന്യൂഡൽഹി: ഇന്ത്യയുടെ ശക്തമായ എതിർപ്പ് അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കയിലേക്കുള്ള യാത്ര തുടരുന്നു. ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് യാത്ര നീട്ടിവയ്ക്കണമെന്ന് ശ്രീലങ്ക അഭ്യർത്ഥിച്ചെങ്കിലും ചൈന വിസമ്മതിച്ചു. ശ്രീലങ്കയിൽ ചൈനയുടെ സഹായത്തോടെ നിർമ്മിച്ച ഹംബൻതോട്ട തുറമുഖത്ത് കപ്പൽ എത്തും. ഉപഗ്രഹങ്ങളെ നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും കഴിവുള്ള കപ്പൽ ഇന്ധനം നിറയ്ക്കാനെന്ന പേരിലാണ് ഹംബൻതോട്ടയിൽ എത്തുക

ബുധനാഴ്ചയാണ് കപ്പൽ എത്തുകയെന്ന് നേരത്തേ അറിയിച്ചിരുന്നതെങ്കിലും വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ 9.30ന് എത്തുമെന്നാണ് പുതിയ വിവരം. കപ്പൽ ഏഴ് ദിവസത്തോളം തുറമുഖത്ത് ഉണ്ടാകും. ഇന്ത്യയുടെ അഭ്യർത്ഥന കണക്കിലെടുത്ത് ചാരക്കപ്പലിന്‍റെ യാത്ര നീട്ടാൻ ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം ചൈനീസ് എംബസിയോട് അഭ്യർത്ഥിച്ചിരുന്നു. ‘ചൈനയുടെ ശാസ്ത്രീയ പര്യവേക്ഷണം വിവേകത്തോടെയും ശരിയായ രീതിയിലും മനസ്സിലാക്കി, ചൈനയും ശ്രീലങ്കയും തമ്മിലുള്ള സാധാരണ കൈമാറ്റങ്ങളും സഹകരണവും തടസ്സപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ചില കക്ഷികളോട് അഭ്യർഥിക്കുന്നു’ എന്ന് ഇന്ത്യയുടെ പേര് പരാമർശിക്കാതെ ചൈന പ്രതികരിച്ചു.

ഉപഗ്രഹങ്ങളെ നിരീക്ഷിക്കാനും സിഗ്നലുകൾ പിടിച്ചെടുക്കാനും കഴിവുള്ള കപ്പൽ ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ വടക്കുപടിഞ്ഞാറൻ മേഖലയിൽ നിരീക്ഷണത്തിനായാണ് എത്തുന്നതെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. ദക്ഷിണേന്ത്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങളായ കൂടംകുളം, കൽപ്പാക്കം, ശ്രീഹരിക്കോട്ട എന്നിവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ ചോർന്നേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്, കാരണം 750 കിലോമീറ്റർ ആകാശ പരിധിക്കുള്ളിലെ സിഗ്നലുകൾ പിടിച്ചെടുക്കാൻ കപ്പലിന് കഴിയും. കേരളത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും കപ്പലിന്‍റെ കണ്ണിൽ പെടുമെന്നും പറയപ്പെടുന്നു.