ചൈന തായ്‍വാനെ വളയുന്നു; 71 യുദ്ധ വിമാനങ്ങളും 7 യുദ്ധക്കപ്പലുകളും വിന്യസിച്ചതായി റിപ്പോർട്ട്
തായ്‌വാൻ : യുസ് വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്‌വാന് ഊന്നൽ നൽകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 71 യുദ്ധവിമാനങ്ങളും ഏഴ് യുദ്ധക്കപ്പലുകളും ചൈന തായ്‌വാനു ചുറ്റും വിന്യസിച്ചതായി തായ്‌വാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തായ്‌വാൻ ഒരു സ്വയംഭരണ പ്രദേശമാണെന്ന് അവകാശപ്പെടുമ്പോൾ, തായ്‌വാൻ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശമാണെന്ന് ചൈന അവകാശപ്പെടുന്നു. വർഷങ്ങളായി, തായ്‌വാനെ അവരുടെ വിശാലമായ സാമ്രാജ്യത്തിന്‍റെ ഭാഗമാക്കാൻ ചൈന ശ്രമിക്കുന്നു. നേരത്തെയും ചൈനീസ് യുദ്ധവിമാനങ്ങൾ തായ്‌വാന്‍റെ വ്യോമാതിർത്തിക്ക് മുകളിലൂടെ പറന്നിരുന്നു. അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തെ തുടർന്ന് ഓഗസ്റ്റിൽ ചൈന ഇത്തരത്തിലൊരു സൈനികാഭ്യാസം നടത്തിയിരുന്നു.
ഞായറാഴ്ച രാവിലെ 6 നും തിങ്കളാഴ്ച രാവിലെ 6 നും ഇടയിൽ 47 ചൈനീസ് വിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്‍റെ മീഡിയൻ കടന്നുപോയി. ഇത് അനൗദ്യോഗിക അതിർത്തിയാണെന്ന് തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 18 ജെ-16 യുദ്ധവിമാനങ്ങൾ, 11 ജെ-1 യുദ്ധവിമാനങ്ങൾ, 6 എസ്യു-30 യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ എന്നിവയുൾപ്പെടെ ഒരു വലിയ വ്യോമസേനയെ തന്നെ ചൈന തായ്‌വാനിലേക്ക് അയച്ചിട്ടുണ്ട്. കരാധിഷ്ഠിത മിസൈൽ സംവിധാനങ്ങളിലൂടെയും സ്വന്തം നാവിക കപ്പലുകളിലൂടെയും ചൈനയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് തായ്‌വാൻ അറിയിച്ചു.
നിലവിലെ യുഎസ്-തായ്‌വാൻ ബന്ധത്തിനും പ്രകോപനത്തിനുമുള്ള ശക്തമായ പ്രതികരണമാണിതെന്ന് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡ് വക്താവ് ഷി യി പ്രതികരിച്ചു. തായ്‌വാനു ചുറ്റുമുള്ള കടലിൽ ചൈനീസ് സേന സംയുക്ത യുദ്ധ പട്രോളിംഗും സംയുക്ത സ്ട്രൈക്ക് ഡ്രില്ലുകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രതിരോധ ചെലവ് ബിൽ ചൈനയെ “തന്ത്രപരമായ വെല്ലുവിളി” എന്നാണ് വിശേഷിപ്പിക്കുന്നത്.