കൂടുതല്‍ കുട്ടികളുള്ളവർക്ക് ആനുകൂല്യങ്ങളുമായി ചൈന

ബെയ്ജിംങ്: ജനസംഖ്യാ നിയന്ത്രണം നീക്കം ചെയ്ത് ജനസംഖ്യ വർദ്ധിപ്പിക്കാൻ നിർദേശം നൽകി ചൈനീസ് സർക്കാർ. ജനസംഖ്യാ വർദ്ധനവിലൂടെ കൂടുതൽ തൊഴിൽ ശേഷി നേടുകയാണ് ലക്ഷ്യം. ഇതിനായി കൂടുതൽ പ്രോത്സാഹന പദ്ധതികളും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഭവനവായ്പ, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ, പണം തുടങ്ങിയ ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചു. 2021 അവസാനത്തോടെ ചൈനീസ് മെയിൻ ലാന്റിലെ ജനസംഖ്യ 1.413 ബില്യൺ ആയിരുന്നു.

2021 ൽ ചൈനീസ് മെയിൻലാൻഡിലെ നവജാത ശിശുക്കളുടെ എണ്ണം 10.62 ദശലക്ഷമായി കുറഞ്ഞു. ആ വർഷത്തെ മരണനിരക്കിന് സമാനമായ സംഖ്യയാണിത്. പ്രസവത്തിലെ നിയന്ത്രണങ്ങളും മറ്റ് ബുദ്ധിമുട്ടുകളുമാണ് ജനന നിരക്കിലെ ഇടിവിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. പതിറ്റാണ്ടുകളായി, ചൈനീസ് ഭരണകൂടം ഒരു കുട്ടി നയത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് ഗർഭച്ഛിദ്രവും വന്ധ്യംകരണവും നിർബന്ധ നിർദേശങ്ങളിലൊന്നായി മുന്നോട്ട് വെച്ചിരുന്നു.
ഇതോടെ രാജ്യം ജനസംഖ്യാപരമായ പ്രതിസന്ധിക്ക് സാക്ഷ്യം വഹിക്കാൻ തുടങ്ങി. ഇതിന് പരിഹാരമെന്നോണം സ്ത്രീകൾക്ക് ഒന്നിൽ കൂടുതൽ കുട്ടികൾ ഉണ്ടാകണമെന്നാണ് സർക്കാർ ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ മൂന്നു കുട്ടികളുണ്ടാകാം. വിവാഹിതരായ ദമ്പതികൾക്ക് മാത്രമേ ഈ ആനുകൂല്യങ്ങൾ ലഭ്യമാകൂ എന്നതും ശ്രദ്ധേയമാണ്.