വിവിധ രാജ്യങ്ങളിൽ അനധികൃത പോലീസ് സ്റ്റേഷനുകള്‍ തുറന്ന് ചൈന

ബെയ്ജിങ്: ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ചൈന അനധികൃത പോലീസ് സ്റ്റേഷനുകൾ തുറന്നതായി റിപ്പോര്‍ട്ട്. കാനഡ, അയർലൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൈനയിലെ അനൗദ്യോഗിക പോലീസ് സ്റ്റേഷനുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു. ചൈനയുടെ ഏറ്റവും പുതിയ നീക്കം മനുഷ്യാവകാശ പ്രവര്‍ത്തകരിൽ അടക്കം ആശങ്ക ഉയർത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

ചൈനയിലെ പബ്ലിക് സെക്യൂരിറ്റി ബ്യൂറോയുമായി ബന്ധമുള്ള പോലീസ് സർവീസ് സ്റ്റേഷനുകൾ ആണ് കാനഡയിൽ സ്ഥാപിച്ചിരിക്കുന്നത്. ഗ്രേറ്റർ ടൊറോന്റോ മേഖലയിൽ മാത്രം മൂന്ന് സ്റ്റേഷനുകൾ ഉണ്ട്. ചൈനാ വിരുദ്ധ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനാണ് ഇത്തരം പോലീസ് സർവീസ് സ്റ്റേഷനുകൾ സജ്ജമാക്കിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകമെമ്പാടുമുള്ള 21 രാജ്യങ്ങളിൽ ഇത്തരം സ്റ്റേഷനുകൾ തുറന്നതായി ചൈനയിലെ ഫുജോവു പോലീസ് പറഞ്ഞു. യുക്രൈന്‍, ഫ്രാൻസ്, സ്പെയിൻ, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ചൈനീസ് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെന്നും എന്നാൽ ഈ രാജ്യങ്ങളിലെ ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ചൈനയുടെ നീക്കത്തെ ചോദ്യം ചെയ്യുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.