യുദ്ധസന്നാഹങ്ങളൊരുക്കി ചൈന; ഡ്രോണുകളുടെയും യുദ്ധ വിമാനങ്ങളുടെയും ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ ലക്ഷ്യമിട്ടാണ് ചൈനയുടെ യുദ്ധസന്നാഹമെന്ന് റിപ്പോർട്ടുകൾ. ടിബറ്റൻ മേഖലയിലെ പ്രധാന വ്യോമതാവളങ്ങളിൽ ധാരാളം ഡ്രോണുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചതിൻ്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ മാത്രം അകലെയുള്ള ചൈനയിലെ ബാങ്ദ വിമാനത്താവളത്തിൽ നിന്നാണ് ചിത്രങ്ങൾ.

അരുണാചൽ പ്രദേശിലെ തവാങ്ങിൽ ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ട് ഒരാഴ്ച പിന്നിടുമ്പോഴാണ് ചൈനയുടെ യുദ്ധ തയ്യാറെടുപ്പുകളുടെ ചിത്രം പുറത്ത് വന്നിരിക്കുന്നത്. ചൈനയുടെ യുദ്ധസന്നാഹം വ്യക്തമാക്കുന്ന സാറ്റലൈറ്റ് ചിത്രം എൻഡിടിവിയാണ് പുറത്തുവിട്ടത്.

ചൈനയിലെ ഏറ്റവും നൂതന ഡ്രോണായ ‘സോറിംഗ് ഡ്രാഗൺ’ (WZ-7 Soaring Dragon) ഡ്രോണിന്‍റെ സാന്നിധ്യവും ചിത്രങ്ങളിൽ കാണാം. 2021ലാണ് ചൈന അത്യാധുനിക സംവിധാനങ്ങളുള്ള സോറിംഗ് ഡ്രാഗൺ അവതരിപ്പിച്ചത്. ഇതിന് 10 മണിക്കൂർ വരെ നിർത്താതെ പറക്കാൻ കഴിയും. ചാരവൃത്തി, രഹസ്യാന്വേഷണ ദൗത്യങ്ങൾ, ക്രൂയിസ് മിസൈലുകളിലേക്കുള്ള ഡാറ്റ കൈമാറ്റം എന്നിവയാണ് ഡ്രോണുകളുടെ ദൗത്യങ്ങൾ.