കൊവിഡ് നിയന്ത്രണം കടുപ്പിച്ച് ചൈന; പ്രതിഷേധവുമായി ജനം തെരുവിൽ

ബെയ്ജിംഗ്: ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ കൊവിഡ് ഭീതി രൂക്ഷമാകുന്നു.കർശനമായ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യത്ത് കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. തെക്കൻ ചൈനയിലെ ഗുവാങ്സുവിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയ ജനങ്ങൾ തെരുവിൽ പൊലീസുമായി ഏറ്റുമുട്ടി.

വ്യാവസായിക നഗരമായ ഗുവാങ്സു വൻ കൊവിഡ് വ്യാപനത്തിന്‍റെ പിടിയിലാണ്. ഇന്നലെ മാത്രം 6,000ത്തിലധികം പുതിയ കൊവിഡ് കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്. ഇതോടെ പ്രദേശത്തെ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി.

നഗരത്തിലെ ഹൈഷു പ്രവിശ്യയിൽ, ദിവസങ്ങളോളം വീട്ടിൽ താമസിക്കാൻ നിർബന്ധിതരായ ആളുകളാണ് പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്. തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ നിരവധി ആളുകൾ ഇപ്പോൾ ദുരിതത്തിലാണ്. ഭക്ഷ്യക്ഷാമവും സാധനങ്ങളുടെ വിലക്കയറ്റവും ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കി. ഈ സാഹചര്യത്തിലാണ് ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.