ചൈനയുടെ സമ്മാനം; പശ്ചിമേഷ്യയില്‍ ആദ്യമായി പാണ്ടകളെ കിട്ടുന്ന രാജ്യമായി ഖത്തര്‍

ദോഹ: ഒടുവില്‍ ദോഹ അല്‍ഖോര്‍ പാര്‍ക്കിലേയ്ക്ക് ചൈനീസ് ഭീമന്‍ പാണ്ടകള്‍ എത്തി. ഇതോടെ പശ്ചിമേഷ്യയില്‍ പാണ്ടകളെ ലഭിക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍ മാറി. ലോകകപ്പിന് ഒരുങ്ങുന്ന ഖത്തറിന് ചൈനീസ് ജനതയുടെ സമ്മാനമെന്ന നിലക്കാണ് രണ്ടു പാണ്ടകളെ ബുധനാഴ്ച ഖത്തറിലെത്തിച്ചത്. സുഹൈല്‍, സൊരയ എന്നിങ്ങനെ പേരുകളുള്ള പാണ്ടകള്‍ അല്‍ഖോര്‍ പാര്‍ക്കില്‍ ശീതീകരിച്ച ആഡംബര കൂടാരത്തിലാണ് താമസം.

ആണ്‍ പാണ്ടയ്ക്ക് നാല് വയസും പെണ്‍ പാണ്ടയ്ക്ക് മൂന്ന് വയസുമാണ് പ്രായം. ആണ്‍ പാണ്ടയ്ക്ക് 130 കിലോ തൂക്കവും പെണ്‍ പാണ്ടയ്ക്ക് 70 കിലോ ഭാരവുമുണ്ട്. 21 ദിവസം പാണ്ടകള്‍ അതീവ നിരീക്ഷണത്തിലായിരിക്കുമെന്ന് അല്‍ഖോര്‍ പാര്‍ക്ക് ഡയറക്ടര്‍ ടിം ബോട്ടസ് പറഞ്ഞു.

ഏതാനും ആഴ്ചകള്‍ക്കുള്ളിലോ അല്ലെങ്കില്‍ ഒരു മാസത്തിനുള്ളിലോ അവയെ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കും. ദോഹയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയാണ് അല്‍ഖോര്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ പാണ്ട ഹൗസില്‍ രണ്ടു പാണ്ടകള്‍ക്കും പ്രത്യേക കൂടാരം തന്നെയാണ് ഒരുക്കിയിട്ടുള്ളത്.