അതിർത്തിയിൽ യുദ്ധവിമാനം പറത്തി വീണ്ടും ചൈനയുടെ പ്രകോപനം
ന്യൂദല്‍ഹി: ഇന്ത്യൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ ചൈന ശ്രമം നടത്തിയതായി കേന്ദ്രസർക്കാർ. വ്യോമാതിർത്തി ലംഘിച്ച് കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയോട് ചേർന്ന് ചൈനീസ് യുദ്ധവിമാനം പറന്നതായും ഇന്ത്യന്‍ വ്യോമസേന സമയോചിതമായ മുന്‍കരുതല്‍ നടപടികൾ സ്വീകരിച്ചതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ജൂണ്‍ അവസാനവാരമാണ് സംഭവം. പുലർച്ചെ നാലുമണിയോടെയാണ് കിഴക്കൻ ലഡാക്കിൽ ചൈനീസ് യുദ്ധവിമാനം ഇന്ത്യൻ അതിർത്തിക്കടുത്ത് പ്രത്യക്ഷപ്പെട്ടത്. മേഖലയിൽ ചൈനീസ് വ്യോമസേന വൻ അഭ്യാസപ്രകടനം നടത്തുന്നതിനിടെയാണ് സംഭവം. അതിര്‍ത്തി പ്രദേശത്ത് വ്യോമസേന സ്ഥാപിച്ചിട്ടുള്ള റഡാറാണ് ചൈനീസ് വിമാനം കണ്ടെത്തിയത്. പരിശീലനത്തിനിടെ എസ് 400 ഉൾപ്പെടെയുള്ള മിസൈൽ വേധ സംവിധാനങ്ങളും ചൈന ഉപയോഗിച്ചിരുന്നു. റഡാറുകളിൽ ചൈനീസ് പോർവിമാനത്തിന്റെ സാന്നിധ്യം സ്വീകരിച്ചതോടെ ഇന്ത്യൻ വ്യോമസേനയും പ്രതിരോധ നടപടികൾ സ്വീകരിച്ചു. ആളില്ലാ വിമാനമല്ല, യുദ്ധവിമാനം തന്നെയാണെന്ന് മനസ്സിലാക്കിയതോടെ ജാഗ്രതയും കരുതലും ഇരട്ടിയാക്കി.