ക്രിസ്മസ് ആഘോഷിക്കണം; അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

മോസ്കോ: ക്രിസ്മസ് ആഘോഷത്തിനായി ഉക്രൈൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. പാട്രിയാർക്ക് കിറിലിന്റെ അഭ്യർത്ഥന മാനിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദ്ദേശം നൽകിയതായി പുടിൻ പറഞ്ഞു. അതിർത്തിയിൽ മുഴുവൻ വെടിനിർത്തൽ നടപ്പാക്കണം. അതിർത്തി പ്രദേശങ്ങളിൽ ധാരാളം ഓർത്തഡോക്സ് വിഭാഗങ്ങൾ താമസിക്കുന്നതിനാൽ ഉക്രൈൻ സേനയും വെടിനിർത്തലിന് തയ്യാറാവണം. ക്രിസ്മസ് ദിനത്തിൽ വിശ്വാസികൾക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം നൽകണമെന്നും പുടിൻ ആവശ്യപ്പെട്ടു.

റഷ്യൻ ഓർത്തഡോക്സ് സഭ ജനുവരി 6 മുതൽ 7 വരെ ക്രിസ്മസ് ആഘോഷിക്കുന്നു. പ്രാദേശിക സമയം വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച അർധരാത്രി വരെ 36 മണിക്കൂർ സമയമാണ് വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ ഉക്രൈൻ വെടിനിർത്തലിനോട് പ്രതികരിച്ചിട്ടില്ല. റഷ്യൻ ഓർത്തഡോക്സ് സഭാ തലവൻ കഴിഞ്ഞ ദിവസം ഉക്രൈൻ അധികൃതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. വെടിനിർത്തൽ റഷ്യയുടെ ചതിയാണോ എന്ന് ഉക്രൈൻ സംശയിക്കുന്നു. റഷ്യയിലെയും ഉക്രൈനിലെയും ഓർത്തഡോക്സ് വിഭാഗങ്ങൾ ജനുവരി 6,7 തീയതികളിലാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.

അതേസമയം, ഉക്രൈനിന്‍റെ തിരിച്ചടി റഷ്യൻ സേനയ്ക്ക് കനത്ത നാശനഷ്ടമുണ്ടാക്കുന്നു. പുതുവത്സര രാവിൽ ഉക്രൈൻ സൈന്യം നടത്തിയ മിസൈൽ ആക്രമണത്തിൽ തങ്ങളുടെ 89 സൈനികർ കൊല്ലപ്പെട്ടത് അനധികൃത മൊബൈൽ ഫോൺ ഉപയോഗം മൂലമാണെന്ന് റഷ്യ വെളിപ്പെടുത്തി. ഉക്രൈൻ വിക്ഷേപിച്ച ആറ് മിസൈലുകളിൽ നാലെണ്ണം സൈനികർ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപമുള്ള ആയുധ ഡിപ്പോയിൽ പതിച്ചു. ആയുധങ്ങൾക്കു തീപിടിച്ചതാണ് സ്ഫോടനത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്.