സിവിക് ചന്ദ്രൻ കീഴടങ്ങി; മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയ സാഹചര്യത്തിലാണ് കീഴടങ്ങൽ
കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ വടകര ഡി.വൈ.എസ്.പിക്ക് മുന്നിൽ കീഴടങ്ങാൻ എത്തി എഴുത്തുകാരൻ സിവിക് ചന്ദ്രൻ. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി റദ്ദാക്കിയ കേസിലാണ് കീഴടങ്ങുന്നത്. ഏഴ് ദിവസത്തിനകം കീഴടങ്ങാൻ ഹൈക്കോടതി സിവിക്കിന് നിർദ്ദേശം നൽകിയിരുന്നു. വടകര ഡി.വൈ.എസ്.പി ആർ.ഹരിപ്രസാദിന് മുമ്പാകെയാണ് സിവിക് ചന്ദ്രൻ കീഴടങ്ങിയത്. ഹൈക്കോടതി നിർദേശപ്രകാരം രാവിലെ 9 മണി മുതൽ ചോദ്യം ചെയ്യൽ ആരംഭിക്കും. സിവിക്കിനെ അറസ്റ്റ് ചെയ്താൽ അതേ ദിവസം തന്നെ കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ ജില്ലാ കോടതി തീരുമാനമെടുക്കും.
സിവിക് ചന്ദ്രനെതിരെ 2 പീഡനക്കേസുകളാണ് രജിസ്റ്റർ ചെയ്തത്. രണ്ടാമത്തെ പീഡനക്കേസ് വന്നതോടെ ഇയാൾ ഒളിവിലായിരുന്നു. ഈ 2 കേസുകളിൽ ഒന്നിൽ ഹൈക്കോടതി ജാമ്യം നിഷേധിക്കുകയും മറ്റൊന്നിൽ ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.
എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ആൾജാമ്യത്തിലും തുക കെട്ടിവെച്ചും ജാമ്യത്തിൽ വിടാമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ആ നിബന്ധനകൾ അനുസരിച്ച് കൊയിലാണ്ടി സ്റ്റേഷനിൽ ആദ്യ പീഡനക്കേസിലാണ് ഹാജരായത്. എല്ലാ ശനിയാഴ്ചയും കൊയിലാണ്ടി സ്റ്റേഷനിൽ ഹാജരാകണം.