കണ്ണൂർ സെൻട്രൽ ജയിലിൽ ഗുണ്ടകൾ തമ്മിൽ സംഘർഷം; തടവുകാരന് ഗുരുതര പരിക്ക്

കണ്ണൂർ: സെൻട്രൽ ജയിലിൽ ഗുണ്ടകൾ വീണ്ടും പരസ്പരം ഏറ്റുമുട്ടി. വ്യാഴാഴ്ച വൈകീട്ട് ജയിൽ ദിനാഘോഷത്തിനിടെയാണ് വീണ്ടും സംഘർഷമുണ്ടായത്. കാപ്പ (ഗുണ്ടാ ആക്ട്) തടവുകാരനായ വിവേകിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ജില്ലാ ആശുപത്രിയിൽ മുറിവ് തുന്നിച്ചേർത്ത ശേഷം ഇയാളെ രാത്രി സെൻട്രൽ ജയിലിലേക്ക് തിരികെ കൊണ്ടുവന്നു.

രണ്ട് സംഘം ഗുണ്ടകൾ തമ്മിലാണ് സംഘർഷമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. അഞ്ചംഗ സംഘത്തിന്‍റെ ആക്രമണത്തിലാണ് വിവേകിന് പരിക്കേറ്റത്. വിവേകിനൊപ്പം മൂന്ന് നാല് പേർ ഉണ്ടായിരുന്നെന്നും അവരാണ് സംഘർഷത്തിന് തുടക്കമിട്ടതെന്നും ജയിൽ അധികൃതർ പറഞ്ഞു. കാപ്പ തടവുകാരെ സെല്ലിൽ നിന്ന് പുറത്തിറക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. സംഭവത്തിൽ രാത്രി വൈകി ടൗൺ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

സെൻട്രൽ ജയിലിൽ, കാപ്പ തടവുകാർ ഏറ്റുമുട്ടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. തൃശൂർ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള കാപ്പ തടവുകാരുണ്ട് കണ്ണൂരിൽ. ഇവർ അക്രമാസക്തരാണെന്ന് ജയിൽ അധികൃതർ പറഞ്ഞു.