ലോകകപ്പിന്റെ പേരിൽ കൊല്ലത്ത് ബ്രസീല്‍-അര്‍ജന്റീന ആരാധകർ തമ്മിൽ സംഘര്‍ഷം

കൊല്ലം: ലോകകപ്പിൻറെ പേരിൽ കൊല്ലത്ത് ശക്തികുളങ്ങരയിൽ ആരാധകർ തമ്മിൽ സംഘര്‍ഷം. ഞായറാഴ്ച ലോകകപ്പിന്‍റെ പശ്ചാത്തലത്തിൽ ഫുട്ബോൾ ആരാധകരുടെ പ്രകടനമുണ്ടായിരുന്നു. ഇതിനിടയിൽ ബ്രസീൽ ആരാധകരും അർജന്‍റീന ആരാധകരും തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു. പ്രശ്നം പിന്നീട് മധ്യസ്ഥതയിലൂടെ പരിഹരിച്ചു. സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

രണ്ട് കൂട്ടം ആരാധകരും റോഡിൽ വച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. പോലീസ് വിവരമറിഞ്ഞ് എത്തുന്നതിന് മുമ്പ് തന്നെ മുതിര്‍ന്നവര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

എന്നാൽ ദൃശ്യങ്ങൾ ലഭിച്ചതോടെയാണ് സംഘർഷത്തിന്‍റെ വ്യാപ്തി പൊലീസിന് മനസ്സിലായത്. ഇതിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാൻ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്. കൊല്ലത്ത് പലയിടത്തും ലോകകപ്പിനോടനുബന്ധിച്ച് യുവാക്കളുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നിരുന്നു.