കിർഗിസ്ഥാൻ – താജിക്കിസ്ഥാൻ അതിർത്തിയിൽ സംഘര്‍ഷം; മരണം മൂന്നായി

കിർഗിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തിയിൽ സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഇതുവരെ 27 സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് ദിവസത്തെ സംഘർഷത്തിനിടെ ടാങ്കുകളും മോർട്ടാറുകളും ഉൾപ്പെടെയുള്ള പടക്കോപ്പുകൾ പ്രയോഗിക്കപ്പെട്ടതായി ഇരു രാജ്യങ്ങളും പരസ്പരം ആരോപിച്ചു. അതിർത്തിയിലെ 1,000 കിലോമീറ്റർ മേഖലയെച്ചൊല്ലി കിർഗിസ്ഥാനും താജിക്കിസ്ഥാനും തമ്മിൽ തർക്കമുണ്ട്. സമർഖണ്ഡിൽ നടക്കുന്ന ഷാങ്ഹായ് ഉച്ചകോടിയിൽ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ ഇപ്പോൾ പങ്കെടുക്കുകയാണ്. 

അതിർത്തിയോട് ചേർന്നുള്ള കിർഗിസ്, താജിക് പ്രവിശ്യകളിലെ ഗവർണർമാർ അതിർത്തി പ്രദേശം സന്ദർശിക്കുകയും സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇരു രാജ്യങ്ങളിലെയും സൈനികർ അതിർത്തിയിൽ അതീവ ജാഗ്രതയിലാണ്. 

മുൻ സോവിയറ്റ് റിപ്പബ്ലിക്കിന്‍റെ ഭാഗമായിരുന്ന ഇരു രാജ്യങ്ങളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന അതിർത്തി തർക്കമാണ് ഇപ്പോൾ സംഘർഷങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്. സോവിയറ്റ് യൂണിയന്‍റെ പതനത്തോടെ, പെട്ടെന്ന് സ്വാതന്ത്ര്യം നേടിയതിനാൽ ഈ രാജ്യങ്ങളുടെ അതിർത്തികൾ ശരിയായിട്ടല്ല നിർണയിക്കപ്പെട്ടിരിക്കുന്നത്. ഇതിനാൽ, അതിർത്തിയിൽ സംഘർഷങ്ങൾ സാധാരണമാണ്. കഴിഞ്ഞ വർഷം, അതിർത്തി തർക്കം ഇരു രാജ്യങ്ങളും തമ്മിലുള്ള ചെറിയ യുദ്ധത്തിലേക്ക് നയിച്ചിരുന്നു. താജിക്കിസ്ഥാനും കിർഗിസ്ഥാനും റഷ്യയുമായി അടുത്ത ബന്ധമാണുള്ളത്. ഇരു രാജ്യങ്ങൾക്കും റഷ്യൻ സൈനിക താവളങ്ങളുണ്ട്.  സഖ്യകക്ഷികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ മോസ്കോയുടെ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.