പത്താം ക്ലാസുകാരിയെ കൊന്ന് സ്യൂട്ട്‌കേസിലാക്കി തള്ളി; രണ്ട് പേർ അറസ്റ്റിൽ

മുംബൈ: പത്താംക്ലാസ് വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മുംബൈ അന്ധേരി സ്വദേശിയായ വൻഷിത റാത്തോഡിന്റെ (15) കൊലപാതകവുമായി ബന്ധപ്പെട്ട് സന്തോഷ് മക്വാന (21), കൂട്ടാളി വിശാൽ അൻഭവെ എന്നിവരാണ് അറസ്റ്റിലായത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഗുജറാത്തിൽ നിന്നാണ് പിടികൂടിയതെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ നേരത്തെ സന്തോഷിനെ മർദ്ദിച്ചതിനുള്ള പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറഞ്ഞു.

ഓഗസ്റ്റ് 25നാണ് അന്ധേരിയിലെ സ്കൂൾ വിദ്യാർത്ഥിനിയായ വൻഷിതയെ കാണാതായത്. രാവിലെ സ്കൂളിൽ പോയ പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്ധേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേതുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഓഗസ്റ്റ് 26 നാണ് പാൽഘറിലെ മുംബൈ-അഹമ്മദാബാദ് ഹൈവേയ്ക്ക് സമീപം സ്യൂട്ട്കേസിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുണിയിൽ പൊതിഞ്ഞ് സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം. സ്കൂൾ യൂണിഫോമും സ്യൂട്ട്കേസിൽ ഉണ്ടായിരുന്നു. അന്ധേരിയിൽ നിന്ന് കാണാതായ വൻഷിതയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചു.

പെൺകുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലെ സുഹൃത്തായ സന്തോഷിനെ പൊലീസ് ആദ്യം സംശയിച്ചിരുന്നു. ഇയാളും സുഹൃത്തും സ്യൂട്ട് കേസുമായി പോകുന്നതിന്‍റെ ചില സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. എന്നാൽ, കുറ്റകൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ ഇയാളെ ആദ്യ ദിവസങ്ങളിൽ കണ്ടെത്താനായിരുന്നില്ല.