കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയന്‍ സമുദ്രപ്രദേശങ്ങൾക്ക് ഭീഷണിയാവുന്നു

കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയൻ കടലിൽ സമുദ്രനിരപ്പ് ഉയരാൻ കാരണമാകുന്നുവെന്ന് കണ്ടെത്തൽ. അഡ്വാൻസിംഗ് എർത്ത് ആൻഡ് സ്പേസ് സയൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ അഡ്രിയാറ്റിക്, ഈജിയൻ, ലെവന്‍റൈൻ സമുദ്രങ്ങളിലെ സമുദ്രനിരപ്പ് ഉയർന്നതായി കണ്ടെത്തി. 2000 മുതൽ, മെഡിറ്ററേനിയൻ സമുദ്രങ്ങളിൽ അത്തരം മാറ്റങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. 20 വർഷത്തിനിടെ 8 സെന്‍റിമീറ്ററിന്‍റെ വർദ്ധനവാണിത്. കാലാവസ്ഥാ വ്യതിയാനത്തിന് ഏറ്റവും സാധ്യതയുള്ള പ്രദേശം കൂടിയാണ് മെഡിറ്ററേനിയൻ.

1960 മുതൽ മെഡിറ്ററേനിയൻ സമുദ്രത്തിലെ മാറ്റങ്ങൾ ഉപഗ്രഹ ചിത്രങ്ങളും ഹിമാനികളുമായി ബന്ധപ്പെട്ട ടൈഡ് ഗ്വേജുകളും ഉപയോഗിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. 1989 മുതൽ, കരയിലെ മഞ്ഞുരുകല്‍ പോലുള്ള സംഭവങ്ങൾ സമുദ്രനിരപ്പ് ഉയരാൻ കാരണമായി. മെഡിറ്ററേനിയൻ പ്രദേശത്തിന്‍റെ 86 ശതമാനം വരുന്ന ലോക പൈതൃക പട്ടികയിലുള്ള പ്രദേശങ്ങളും വെള്ളപ്പൊക്കം, മണ്ണൊലിപ്പ് തുടങ്ങിയ ഭീഷണികൾ നേരിടുന്നുണ്ട്.

കഴിഞ്ഞ വർഷം ആദ്യം നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗ്രീൻലാൻഡിലെ മഞ്ഞുപാളികൾ ആഗോള സമുദ്രനിരപ്പിന് ഗണ്യമായ സംഭാവന നൽകുന്നതായി കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനം മെഡിറ്ററേനിയൻ തീരത്തെ സമ്പൂർണ്ണ ഭീഷണിയുടെ വക്കിൽ നിർത്തിയിരിക്കുകയാണ്.