കെഎസ്ആര്‍ടിസി മാനേജ്മെന്റിനും തൊഴിലാളി സംഘടനകൾക്കും വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സുശീൽ ഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിൽ മാനേജ്മെന്റും ട്രേഡ് യൂണിയനുകളും പരാജയപ്പെട്ടതാണ് കെഎസ്ആർടിസിയിലെ പ്രതിസന്ധി രൂക്ഷമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. ആഴ്ചപ്പതിപ്പായ ‘ചിന്ത’യിൽ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. സർക്കാർ ചെയ്യേണ്ടത് മാത്രം ചെയ്താൽ കെഎസ്ആർടിസിയുടെ പ്രതിസന്ധി പരിഹരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാനേജ്മെന്റ് തലത്തിലെ ജീവനക്കാരും ഉദ്യോഗസ്ഥരും കർശന നിലപാട് സ്വീകരിക്കണം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2021-22 ൽ 2076 കോടി രൂപയുടെ സഹായമാണ് സർക്കാർ നൽകിയത്. എന്നിട്ടും ശമ്പളം കൃത്യമായി നൽകാൻ കഴിയാത്തതും കോർപ്പറേഷന്റെ കെടുകാര്യസ്ഥതയുടെ ഭാഗമാണ്. പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സർക്കാരിന്റെ ശ്രമങ്ങൾ വിജയിപ്പിക്കാൻ എല്ലാ ജീവനക്കാരും ആത്മാർത്ഥമായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരെ സ്വിഫ്റ്റിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കും. അടുത്ത മാസം 1 മുതൽ മൂന്ന് മാസത്തിനുള്ളിൽ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ സർവീസുകളിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി സംവിധാനം നടപ്പാക്കും. പരിഷ്കാരങ്ങൾ നടപ്പാക്കിയാൽ പ്രതിദിനം 600 മുതൽ 800 വരെ ബസുകൾ സർവീസ് നടത്തുകയും പ്രതിമാസം 25 കോടി രൂപ വരെ അധിക വരുമാനം നേടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.