എം.ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: എഴുത്തുകാരൻ എം.ടി വാസുദേവൻ നായരുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. എം.ടി.ക്ക് ജൻമദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി ജന്മദിന സമ്മാനം നൽകി. മുൻ എം.എൽ.എമാരായ എ.പ്രദീപ് കുമാർ, പുരുഷൻ കടലുണ്ടി തുടങ്ങിയവർ കോഴിക്കോട് നടക്കാവിലെ എം.ടിയുടെ വീട്ടിൽ മുഖ്യമന്ത്രിയെ അനുഗമിച്ചു.

സൗഹൃദ സംഭാഷണങ്ങളോടെ ആരംഭിച്ച യോഗം ഗൗരവമേറിയ ചർച്ചകൾക്ക് വഴിതെളിച്ചു. എം.ടിയുടെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞുകൊണ്ടാണ് തുടക്കം. ആരോഗ്യ പ്രശ്നങ്ങളിൽ ശ്രദ്ധ ചെലുത്തണമെന്നും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോടിന് പ്രത്യേകമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോൾ ബാബുരാജ് അക്കാദമിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണമെന്നാണ് എം.ടി പറഞ്ഞത്. ഇപ്പോൾ അത് നന്നായി നടക്കുന്നുണ്ടെങ്കിലും കൂടുതൽ വികസന പ്രവർത്തനങ്ങൾ ആവശ്യമാണ്. വിഷയം മുൻഗണനാക്രമത്തിൽ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. മലയാളത്തിൽ പിഎച്ച്ഡി നേടിയ ഉദ്യോഗാർത്ഥികളുടെ നിയമനം സംബന്ധിച്ച് എം.ടി മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കാൽമണിക്കൂറോളം സൗഹൃദ സംഭാഷണം നടത്തിയ ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.