മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കല്ലൂപ്പാറ സ്വദേശി ബിനു സോമൻ ദേശീയ ദുരന്ത നിവാരണ സേന നടത്തിയ മോക്ക് ഡ്രില്ലിനിടെ മരിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിർദ്ദേശം ചീഫ് സെക്രട്ടറിക്ക് നൽകി. സംഭവത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പത്തനംതിട്ട കളക്ടർ കൈമാറിയിരുന്നു. ഇതേ തുടർന്നാണ് വകുപ്പുതല അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയത്.

മോക്ക് ഡ്രില്ലിൽ പങ്കെടുക്കുന്നതിനിടെയാണ് ബിനു സോമൻ പുഴയിൽ മുങ്ങിമരിച്ചത്. നാലുപേരെ പങ്കെടുപ്പിച്ചാണ് രക്ഷാ പരിശീലനം നടത്തിയത്. ബിനുവിനെ കൂടാതെ തുരുത്തിക്കാട് കർക്കിടകംപള്ളിയിലെ മോൻസി കുര്യാക്കോസ്, വാത്തറ വീട്ടിൽ ജിജോ മാത്യു, മരുതക്കുന്നേൽ ബിജു നൈനാൻ എന്നിവർ പങ്കെടുത്തു.

ബന്ധപ്പെട്ട ആളുകൾ പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ, നാലുപേരും പുഴയിൽ ഒഴുക്കിപ്പെട്ടത് പോലെ നീന്താൻ തുടങ്ങി. സ്കൂബ ബോട്ടിൽ നിന്ന് ഇട്ടുകൊടുക്കുന്ന കാറ്റ് നിറഞ്ഞ ട്യൂബിൽപിടിച്ച് മോൻസിയും ജിജോയും ബോട്ടിൽ കയറി. എന്നാൽ, അവരുടെ പിന്നാലെ വന്ന ബിനു കയത്തിലകപ്പെടുകയായിരുന്നു. കാറ്റ് നിറച്ച ട്യൂബ് ഇട്ടുകൊടുത്തിട്ടും ബിനുവിനെ വെള്ളത്തിന് മുകളിൽ കാണാൻ കഴിയാതെ വന്നതോടെയാണ് അപകടത്തിൽപെട്ടതറിയുന്നത്.