ജയരാജനെതിരായ ആരോപണത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി; തണുപ്പ് എങ്ങനെയുണ്ടെന്ന് മറുപടി

ന്യൂഡല്‍ഹി: ഇ.പി ജയരാജനെതിരായ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. പൊളിറ്റ് ബ്യൂറോ (പിബി) വിഷയം ചർച്ച ചെയ്യുമോ എന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ തണുപ്പ് എങ്ങനെയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കാണുന്നുണ്ടോ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞില്ല.

കണ്ണൂരിൽ ഇ.പി. ജയരാജനുമായി ബന്ധപ്പെട്ട് അനധികൃത സ്വത്ത് സമ്പാദന ആരോപണം മുഖ്യമന്ത്രിയോട് ആരാഞ്ഞിരുന്നു. ചൊവ്വാഴ്ച ചേരുന്ന പി.ബി. യോഗം ചർച്ച ചെയ്യുമോ എന്ന ചോദ്യത്തിന് തണുപ്പ് എങ്ങനെയുണ്ട് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അടുത്തേക്ക് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തിലെ പാർട്ടിക്കകത്തും പുറത്തും വലിയ ചർച്ചാ വിഷയമായതിനാൽ ഇ.പിയുമായി ബന്ധപ്പെട്ട പരാതി പി.ബി ചർച്ച ചെയ്യാൻ സാധ്യതയുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പി. ജയരാജൻ നൽകിയ പരാതി കേന്ദ്രനേതൃത്വത്തിന്‍റെ പരിഗണനയിലാണ്.