മുഖ്യമന്ത്രി പമ്പയിൽ നേരിട്ടെത്തി പ്രശ്ന പരിഹാരം കാണണമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ബന്ധപ്പെട്ട വകുപ്പുകളുടെ കെടുകാര്യസ്ഥതയും പരസ്പര ഏകോപനമില്ലായ്മയും കാരണം ശബരിമല തീർത്ഥാടനത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യത്തിൽ, മുഖ്യമന്ത്രി തന്നെ പമ്പ സന്ദർശിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ അടിയന്തര യോഗം വിളിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ശബരിമലയിലെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് തുടരുന്ന പരാതികളിൽ ആഭ്യന്തര വകുപ്പും ദേവസ്വം വകുപ്പും പരസ്പരം പഴിചാരുകയാണ്. അതുപോലെ ശബരിമലയിലേക്കുള്ള കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസുകളെക്കുറിച്ച് തീർത്ഥാടകരിൽ നിന്നുള്ള പരാതികൾ ദിനംപ്രതി വർദ്ധിച്ച് വരികയാണെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
“ഇത്തവണ ആവശ്യാനുസരണം പ്രത്യേക ബസുകൾ അനുവദിച്ചില്ലെന്ന് മാത്രമല്ല, മോശം ബസുകളാണ് സർവീസിന് അയച്ചിരിക്കുന്നത്. ബസ്സുകളിൽ എണ്ണത്തിൽ കൂടുതൽ തീർത്ഥാടകരെ കയറ്റുന്നു. ഇക്കാരണത്താൽ രാത്രിയും പകലും ഏറെ ദൂരം സഞ്ചരിക്കുന്ന അയ്യപ്പഭക്തർക്ക് യാത്ര ദുഷ്കരമാകുന്നു. ശബരിമല സ്പെഷ്യൽ ബസുകളിൽ തീർത്ഥാടകരിൽ നിന്ന് അമിത ബസ് നിരക്കാണ് ഈടാക്കുന്നത്. യു.ഡി.എഫ് സർക്കാർ ഈ ചൂഷണം അവസാനിപ്പിച്ചതാണ്,” മുൻ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.