മുഖ്യമന്ത്രി രാജിവയ്ക്കണം,രാഗേഷിനെതിരെ കേസെടുക്കണം :കെ.സുരേന്ദ്രൻ

പത്തനംതിട്ട: കണ്ണൂരിൽ ഗവർണറെ ആക്രമിക്കാൻ ശ്രമിച്ചവർക്കെതിരെ കേസെടുക്കുന്നതിന് പകരം നടപടി എടുക്കാതെ രക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും അദ്ദേഹം സ്ഥാനം രാജിവെക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ ആക്രമിക്കാൻ ശ്രമിക്കുന്നത് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എന്നാൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി നടപടിയെടുക്കുന്നതിൽ നിന്ന് കുറ്റവാളികളെ സംരക്ഷിച്ചു. ഗവർണറെ ആക്രമിക്കാനുള്ള ശ്രമവും അതിനു പിന്നിലെ ഗൂഡാലോചനയും ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ് ഗവർണർ സംസാരിക്കുന്ന വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. രാഗേഷിനെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. പ്ലക്കാർഡുകൾ നേരത്തെ തയ്യാറാക്കുകയും വിദ്യാർത്ഥികളെ പ്രതിഷേധത്തിന് സജ്ജമാക്കുകയും ചെയ്തിരുന്നു. വി.സിയുടെ നിയമനത്തിൽ മുഖ്യമന്ത്രി അനധികൃതമായി ഇടപെടുകയും സ്വന്തം നാട്ടുകാരനായതിനാൽ ഒരാളെ വി.സി ആക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കുറ്റം മറച്ചുവെച്ച് കുറ്റവാളികളെ രക്ഷിച്ച പിണറായി മുഖ്യമന്ത്രിയാകാൻ അർഹനല്ലെന്നും സുരേന്ദ്രൻ പറഞ്ഞു.