കെഎസ്ആര്‍ടിസി യൂണിയനുകളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടുന്നു. ട്രേഡ് യൂണിയനുകളുമായി മുഖ്യമന്ത്രി അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു നിയമസഭയെ അറിയിച്ചു. എന്നാൽ മുഖ്യമന്ത്രി ആദ്യം ഇടത് യൂണിയനുകളെ ബോധ്യപ്പെടുത്തണമെന്ന് പ്രതിപക്ഷം പ്രതികരിച്ചു. കെ.എസ്.ആർ.ടി.സി പ്രതിസന്ധിയിൽ തൊഴിലാളികൾക്ക് എന്ത് പങ്കാണ് ഉള്ളതെന്ന് കോൺഗ്രസ് അംഗം എം.വിൻസെന്‍റ് ചോദിച്ചു.

അതേസമയം, ഓണത്തിന് മുമ്പ് ശമ്പള വിഷയത്തിൽ എന്ത് തീരുമാനമുണ്ടാകുമെന്ന് പറയാൻ മാനേജ്മെന്‍റും തയ്യാറല്ല. ട്രേഡ് യൂണിയനുകൾ സമവായത്തിലെത്താതെ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കുന്നതുമായി മുന്നോട്ട് പോകാനാകില്ലെന്നാണ് ഗതാഗത വകുപ്പിന്‍റെ നിലപാട്. വരുമാനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും സാമ്പത്തിക സഹായം പ്രതീക്ഷിക്കേണ്ടതില്ലെന്നുമാണ് ധനവകുപ്പിന്‍റെ നിലപാട്.

വരുമാനം വർദ്ധിപ്പിക്കുന്നതിന് സിംഗിൾ ഡ്യൂട്ടി എന്ന തീരുമാനത്തിലെത്താനാണ് മാനേജ്മെന്‍റ് മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശം. സുശീൽ ഖന്നയുടെ റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഡീസൽ ക്ഷാമം പൂർണമായും പരിഹരിക്കാത്തതിനാലും ഡ്രൈവർ-കണ്ടക്ടർ അനുപാതം എല്ലാ ഡിപ്പോകളിലും കൃത്യമായി ഇല്ലാത്തതിനാലും 1,200 ബസുകൾ സർവീസ് നടത്താൻ കഴിയാതെ കിടക്കുകയാണ്.