ഫാറ്റിലിവറിനെ ചെറുക്കാൻ കടൽപായലിൽ നിന്ന് ഉൽപന്നം വികസിപ്പിച്ച് സിഎംഎഫ്ആർഐ

കൊച്ചി: സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആർഐ) നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിനെ നേരിടാൻ കടൽപ്പായലിൽ നിന്ന് ഒരു പ്രകൃതിദത്ത ഉൽപ്പന്നം നിർമ്മിച്ചു. കടൽപ്പായലുകളിൽ അടങ്ങിയിരിക്കുന്ന ഫലപ്രദമായ ബയോആക്റ്റീവ് സംയുക്തങ്ങൾ ഉപയോഗിച്ചാണ് ‘സീ ഫിഷ് ലൈവ്ക്യുവർ എക്സ്ട്രാക്റ്റ്’ എന്ന ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നം നിർമ്മിച്ചിരിക്കുന്നത്. വിവിധ ജീവിതശൈലീ രോഗങ്ങൾക്കെതിരെ പോരാടാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സിഎംഎഫ്ആർഐ വികസിപ്പിക്കുന്ന ഒൻപതാമത്തെ ഉൽപ്പന്നമാണിത്.

അനുയോജ്യമായ കടൽപ്പായലിൽ നിന്ന് ആവശ്യമായ ബയോ ആക്റ്റീവ് സംയുക്തങ്ങൾ മാത്രം വേർതിരിച്ചെടുത്താണ് കരൾ രോഗത്തിനുള്ള പ്രകൃതിദത്ത ഉൽപ്പന്നം തയ്യാറാക്കിയിരിക്കുന്നത്. കരളിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായി അടിഞ്ഞുകൂടുന്ന കൊഴുപ്പുകൾ നിയന്ത്രിക്കുന്നതിനും ഇത് സഹായകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് ഡോ കാജൽ ചക്രബർത്തി പറഞ്ഞു.

400 മില്ലിഗ്രാം അളവിലുള്ള കാപ്സ്യൂളുകൾ പൂർണ്ണമായും പ്രകൃതിദത്ത ചേരുവകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. വിശദമായ ക്ലിനിക്കൽ ട്രയലുകളിലൂടെ ഉൽപ്പന്നത്തിന് പാർശ്വഫലങ്ങളൊന്നുമില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ഉൽപ്പന്നം വ്യാവസായികമായി നിർമ്മിക്കുന്നതിന്, ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ പ്രവർത്തിക്കുന്നവർക്ക് അതിന്‍റെ സാങ്കേതികവിദ്യ കൈമാറുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

നേരത്തെ, പ്രമേഹം, സന്ധിവേദന, അമിതവണ്ണം, രക്തസമ്മർദ്ദം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങൾക്കെതിരെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് സിഎംഎഫ്ആർഐ ന്യൂട്രാസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു.