മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ല, വിവരങ്ങൾ ജനങ്ങളെ ബോധിപ്പിക്കണം: വി.ഡി സതീശൻ
കോഴിക്കോട്: മുഖ്യമന്ത്രിയുടെ വിദേശയാത്ര സുതാര്യമല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യാത്രയുടെ പുരോഗതി ജനങ്ങളെ അറിയിക്കണം. യാത്രയുടെ ഭാഗമായി നാടിന് ഉപകാരപ്രദമായ ഒന്നും ചെയ്തിട്ടില്ല. യാത്ര രഹസ്യമാക്കിയതിൽ ദുരൂഹതയുണ്ടെന്നും കുടുംബസമേതം നടത്തിയ യാത്രകൾ ജനങ്ങൾക്കിടയിൽ അവമതിപ്പ് സൃഷ്ടിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. 164 മൊഴിയിൽ ഗുരുതരമായ കാര്യങ്ങൾ ഉണ്ടായിരുന്നിട്ടും അന്വേഷണം നടന്നില്ല. സ്വർണക്കടത്ത് കേസിൽ കേന്ദ്രവും സംസ്ഥാനവും ഒത്തുകളിച്ചെന്ന് വി.ഡി സതീശൻ ആരോപിച്ചു. സ്വപ്നയുടെ പുസ്തകത്തിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക രോഗിയുടെ വയറ്റിൽ കുടുങ്ങിയത് ഗുരുതരമായ വീഴ്ചയാണെന്ന് വി ഡി സതീശൻ പറഞ്ഞു. വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.