സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ വിമർശനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി ഇന്ന്‌

തിരുവനന്തപുരം: ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ സർക്കാർ പ്രവർത്തിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തുന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മറുപടി നൽകും. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ സർക്കാർ നടപടികളെ വിമർശിച്ചിരുന്നു. സർക്കാരിന് പൊതു അംഗീകാരമുണ്ടെങ്കിലും വകുപ്പുകളുടെ പ്രവർത്തനം മെച്ചപ്പെടുന്നില്ലെന്നായിരുന്നു വിമർശനം.

ആഭ്യന്തരം, തദ്ദേശം, ആരോഗ്യം, പൊതുമരാമത്ത് തുടങ്ങി സിപിഎം മന്ത്രിമാര്‍ കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ക്കെതിരെയും ഭക്ഷ്യം, വൈദ്യുതി, ഗതാഗതം അടക്കമുള്ള ഘടകക്ഷി മന്ത്രിമാര്‍ കൈകാര്യംചെയ്യുന്ന വകുപ്പുകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനമാണ് സമിതിയില്‍ ഉയര്‍ന്നത്. സർക്കാരിനെതിരായ പ്രചാരണങ്ങളെ എങ്ങനെ നേരിടണമെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി ചർച്ച ചെയ്യുന്നുണ്ട്.

ആഭ്യന്തരം, തദ്ദേശസ്വയംഭരണം, ആരോഗ്യം തുടങ്ങിയ ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന വകുപ്പുകളുടെ പ്രവർത്തനം വളരെ മോശമാണെന്നും അവയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ ഒരു ശ്രമവും നടക്കുന്നില്ലെന്നും വിലയിരുത്തി. വിലക്കയറ്റം നിയന്ത്രിക്കാൻ സി.പി.ഐ കൈകാര്യം ചെയ്യുന്ന ഭക്ഷ്യവകുപ്പ് ഇടപെടുന്നില്ല. കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കാന്‍ പണമില്ലെന്ന് പറയുക മാത്രമാണ് ഗതാഗത മന്ത്രി ആന്റണി രാജു ചെയ്യുന്നത്. തന്നിഷ്ടപ്രകാരമുള്ള പ്രവര്‍ത്തനമാണ് വൈദ്യുതിവകുപ്പിലെന്നും വിലയിരുത്തലുണ്ടായി.