ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി മാരുതി ബ്രെസയുടെ സിഎൻജി പതിപ്പ് ഉടൻ

2022 ജൂലൈ ആദ്യ വാരത്തിലാണ് മാരുതി സുസുക്കി ബ്രെസ സബ്-4 മീറ്റർ എസ്‌യുവി അവതരിപ്പിച്ചത്. കഴിഞ്ഞ 3-4 മാസത്തിനുള്ളിൽ ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ രേഖപ്പെടുത്തിയതിനാൽ ഈ കോംപാക്റ്റ് എസ്‌യുവിക്ക് വിപണിയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ടാറ്റ നെക്സോൺ, ഹ്യുണ്ടായ് വെന്യു തുടങ്ങിയവയെ പിന്തള്ളി ബ്രെസ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. വിൽപ്പന കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി, ബ്രെസയുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാനാണ് കമ്പനി ഇപ്പോൾ പദ്ധതിയിടുന്നത്.

ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി കിറ്റുമായി എത്തുന്ന ഇന്ത്യയിലെ ആദ്യ എസ്‌യുവിയായിരിക്കും മാരുതി ബ്രെസ. ബ്രെസ സിഎൻജിയെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും മാരുതി ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും, അടുത്ത കുറച്ച് മാസങ്ങളിൽ വില വെളിപ്പെടുത്തൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എൽ.എക്സ്.ഐ, വി.എക്സ്.ഐ, ഇസഡ്എക്സ്ഐ, ഇസഡ്എക്സ്ഐ + എന്നീ 4 ട്രിമ്മുകളിലും സിഎൻജി പതിപ്പ് ലഭ്യമാകും. ഓട്ടോമാറ്റിക് ഗിയർബോക്സ് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ സിഎൻജി മോഡലായിരിക്കും ബ്രെസ.