കൽക്കരി ക്ഷാമം; കേന്ദ്ര സർക്കാരിനെ വിമർശിച്ച് തോമസ് ഐസക്

കൽക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻ ധനമന്ത്രി ഡോ ടി.എം. തോമസ് ഐസക്. കൽക്കരി ലഭ്യതയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലെ കൽക്കരി ക്ഷാമത്തിന് കാരണം കെടുകാര്യസ്ഥതയും അഴിമതിയുമാണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.

തോമസ് ഐസക്കിൻറെ കുറിപ്പ്: “കൽക്കരി ലഭ്യതയുടെ കാര്യത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ ഇന്ത്യയെ കൽക്കരി ക്ഷാമത്തിലേക്ക് നയിച്ചത് കേന്ദ്രസർക്കാരിന്റെ പരാജയമാണ്. കെടുകാര്യസ്ഥത മാത്രമല്ല അഴിമതിയും ഇതിൻ പിന്നിലുണ്ട്. കൽക്കരി ക്ഷാമം വൈദ്യുതി ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചു. ഇത് സാമ്പത്തിക വീണ്ടെടുക്കലിന് മറ്റൊരു തടസ്സമായി മാറിയിരിക്കുന്നു. കോൾ ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലാ ഖനന കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
(1) പുതിയ ഖനികളുടെ വികസനത്തിനായി കരുതൽ ധനത്തിൽ നിന്ന് 35,000 കോടി രൂപ കേന്ദ്ര ഗവന്മെൻ്റ് എടുത്തിട്ടുണ്ട്. മാത്രവുമല്ല, ബാക്കി തുക പൊതുമേഖലാ വളം കമ്പനികളുടെ ഓഹരികൾ വാങ്ങാൻ ഉപയോഗിച്ചു.

(2) കോൾ ഇന്ത്യയുടെ നല്ല ഖനികൾ ലേലം ചെയ്ത് സ്വകാര്യ സംരംഭകർക്ക് നൽകി.
(3) സി.എം.ഡി നാലു വർഷമായി ഇല്ല. മറ്റ് പ്രധാന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇതിന്റെയെല്ലാം ഫലമായി, കമ്പനിയുടെ ഉൽപാദനം കഴിഞ്ഞ മൂന്ന് വർഷമായി ഒരു വർദ്ധനവും കൂടാതെ 600 ദശലക്ഷം മെട്രിക് ടണ്ണായി മരവിപ്പിച്ചിരിക്കുകയാണ്. പുതിയ മുതലാളിമാർ ഇപ്പോഴും കൽക്കരി ഖനനം ചെയ്യാൻ തയ്യാറെടുക്കുകയാണ്. അതിനാൽ അവർ കൽക്കരി ഇറക്കുമതി ചെയ്തു. ഇറക്കുമതി ചെയ്യുന്ന കൽക്കരി പൊതുമേഖലാ വൈദ്യുതി കമ്പനികളെക്കൊണ്ട് കേന്ദ്രസർക്കാർ വാങ്ങിപ്പിച്ചു. ഇപ്പോൾ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പറയുന്നത് ഇറക്കുമതിക്കാർ 30,000 കോടി രൂപയുടെ അധിക വിലയ്ക്ക് വാങ്ങിയെന്നാണ്.