‘കോബ്ര’ ട്രെയിലര്‍ വൈറലാകുന്നു; വില്ലനായി റോഷൻ മാത്യു

ചിയാൻ വിക്രമിന്‍റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കോബ്ര’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ വൈറലാകുന്നു. ഏറെക്കാലമായി ഒരു വലിയ ഹിറ്റിനായി കൊതിക്കുന്ന വിക്രം ഈ ചിത്രത്തിൽ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പ്രത്യക്ഷപ്പെടുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്ത ചിത്രം വലിയ ബഡ്ജറ്റിലാണ് നിർമ്മിച്ചത്. ചിത്രം ഓഗസ്റ്റ് 31ന് തീയേറ്ററുകളിലെത്തും. ‘ഇമൈക്കാ നൊടികൾ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. ഒന്നിലധികം രാജ്യങ്ങളിൽ ചിത്രീകരിച്ച കോബ്ര ഒരു ത്രില്ലറാണ്.
‘കോബ്ര’യിൽ വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കൾ ഉൾപ്പെടുന്ന ഒരു വലിയ താരനിരയുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പത്താൻ ഈ ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഫ്രഞ്ച് ഇന്‍റർപോൾ ഓഫീസർ അസ്ലൻ യിൽമാസ് എന്ന കഥാപാത്രത്തെയാണ് ഇർഫാൻ അവതരിപ്പിക്കുന്നത്. ‘കെ.ജി.എഫ്’ ഫെയിം ശ്രീനിധി ഷെട്ടിയാണ് നായിക. കെ എസ് രവികുമാർ, റോഷൻ മാത്യു, മിയ ജോർജ്, മാമുക്കോയ, സർജാനോ ഖാലിദ്, മണികണ്ഠന്‍ ആചാരി, മൃണലിനി രവി തുടങ്ങി നിരവധി പേർ ചിത്രത്തില്‍ അണിനിരക്കുന്നു. എ ആർ റഹ്മാൻ സംഗീതം നൽകുന്ന ചിത്രം സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്‍റെ ലളിത് കുമാർ നിർമ്മിക്കുന്നു. റോഷന്‍ മാത്യുവിന്‍റെ വേറിട്ട പ്രകടനവും ട്രെയിലറിന്‍റെ സവിശേഷതയാണ്.