കൊക്ക-കോള, പെപ്സിക്കോ; ലോകത്തെ പ്ലാസ്റ്റിക് മാലിന്യ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിച്ച കമ്പനി കൊക്ക-കോള ആണെന്ന് പഠനങ്ങൾ. മലിനീകരണത്തിന്‍റെ കാര്യത്തിൽ പെപ്സികോ, നെസ്ലെ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ‘ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്’ ഗ്ലോബൽ ബ്രാൻഡ് ഓഡിറ്റ് റിപ്പോർട്ട് 2022 ൽ ഈ വിവരങ്ങൾ ലഭ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിലൂടെ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള സിഒപി-27 കാലാവസ്ഥാ ഉച്ചകോടിയുടെ സ്‌പോണ്‍സര്‍മാരിൽ ഒരാളാണ് കൊക്കകോള.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൊക്കകോളയാണ് മാലിന്യ നിർമ്മാതാക്കളിൽ മുൻ പന്തിയിൽ നിൽക്കുന്നത്. 2021 നെ അപേക്ഷിച്ച്, കൊക്കകോളയുടെ ഉൽപ്പന്നങ്ങൾ മാത്രം മാലിന്യ ഉൽപാദനത്തിൽ 63 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2022 ലെ കണക്കനുസരിച്ച്, പെപ്സികോ, സിജി ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പെർഫെറ്റി വാൻ മെലെ (ആല്‍പന്‍ലിബേ, മെന്‍റോസ് മുതലായവ പുറത്തിറക്കുന്ന ഒരു ഭക്ഷ്യ കമ്പനി) എന്നിവയാണ് ഇന്ത്യയിലെ പ്ലാസ്റ്റിക് മലീനീകരണത്തില്‍ പ്രധാനികൾ. 2021 ൽ കർണാടക മിൽക്ക് ഫെഡറേഷനാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മാലിന്യം ഉൽപാദിപ്പിച്ചത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന 200,000 ത്തിലധികം സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ 11,000 ആഗോള സംഘടനകൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നടത്തിയ പഠനത്തിന്‍റെ സമാഹാരമാണ് ‘ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്’ ഗ്ലോബൽ ബ്രാൻഡ് ഓഡിറ്റ് റിപ്പോർട്ട്.