കോയമ്പത്തൂർ സ്ഫോടനം; യഥാര്‍ത്ഥ ലക്ഷ്യത്തിൽ അവ്യക്തത തുടരുന്നു

കോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനക്കേസില്‍ സൂത്രധാരൻ അടക്കമുള്ളവർ അറസ്റ്റിലായിട്ടുണ്ടെങ്കിലും പ്രതികളുടെ യഥാർത്ഥ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ല. കേസിൽ അറസ്റ്റിലായ മുഹമ്മദ് ദൽഹ, മുഹമ്മദ് അസ്ഹറുദ്ദീൻ, മുഹമ്മദ് റിയാസ്, ഫിറോസ് ഇസ്മായിൽ, നവാസ് ഇസ്മായിൽ എന്നിവരെ ചൊവ്വാഴ്ച രാത്രി വൈദ്യപരിശോധന പൂർത്തിയാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതിനാൽ കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

ഞായറാഴ്ച പുലർച്ചെ കോട്ടൈ ഈശ്വരൻ ക്ഷേത്രത്തിന് മുന്നിലാണ് കാറിലുണ്ടായിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ മരിച്ച ജമീഷ മുബീന്‍റെ കാറിൽ രണ്ട് സിലിണ്ടറുകളുണ്ടായിരുന്നു. ഇതിൽ 14 കിലോയുടെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. രണ്ടാമത്തേത് 35 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറായിരുന്നു. അത് പൊട്ടിത്തെറിച്ചിരുന്നെങ്കിൽ ക്ഷേത്രത്തിന് മുന്നിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമായിരുന്നു.

ജമീഷ മുബീന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 75 കിലോ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾ ആസൂത്രിതമായി സ്ഫോടനം നടത്താൻ പദ്ധതിയിട്ടെന്ന നിഗമനത്തിലാണ് പൊലീസ്. കോട്ടൈ ഈശ്വരൻ ക്ഷേത്രമല്ല ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. കോയമ്പത്തൂർ നഗരത്തിലെ പ്രധാന സ്ഥലങ്ങളുടെ ചിത്രങ്ങൾ ജമീഷ മുബീന്‍റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ബുധനാഴ്ചയും നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന നടത്തി.