കോയമ്പത്തൂർ സ്ഫോടനം; ചാവേര്‍ ആക്രമണമെന്നതിന് നിര്‍ണായക തെളിവ്
കോയമ്പത്തൂര്‍: കോയമ്പത്തൂർ സ്ഫോടനം ചാവേർ ആക്രമണമാണെന്നതിന്‍റെ നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടെത്തി. “തന്‍റെ മരണവിവരം അറിയുമ്പോൾ തെറ്റുകൾ പൊറുത്ത് മാപ്പാക്കണം’, ‘സംസ്കാര ചടങ്ങിൽ പങ്കെടുത്ത് പ്രാർത്ഥിക്കണം.” സ്ഫോടനത്തിന്‍റെ തലേദിവസം ഈ വാചകമാണ് മുബീന്‍ വാട്സ് ആപ്പ് സ്റ്റാറ്റസ് ആയി ഇട്ടത്. വാട്സ് ആപ്പ് സ്റ്റാറ്റസ് അന്വേഷണസംഘം പുറത്ത് വിട്ടിട്ടില്ല.
മരിച്ച ജമേഷ മൂബിന്‍റെ ശരീരത്തിൽ കത്തിക്കാൻ സഹായിക്കുന്ന രാസവസ്തുക്കളുടെ അംശം ഉണ്ടായിരുന്നതായി സൂചനയുണ്ട്. മുബീന്‍റെ 13 ശരീരഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വലിയ സ്ഫോടനങ്ങൾ നടത്താൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായും സൂചനയുണ്ട്. സംശയാസ്പദമായ നിരവധി രേഖകൾ ജമേഷയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കോയമ്പത്തൂർ നഗരത്തിലെ ക്ഷേത്രങ്ങൾ, കളക്ടറേറ്റ്, കമ്മീഷണറുടെ ഓഫീസ് മുതലായവയെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തിയതായി കണ്ടെത്തി. 75 കിലോ സ്ഫോടക വസ്തുക്കളും വീട്ടിൽ നിന്ന് കണ്ടെടുത്തു.
കോയമ്പത്തൂർ ഉക്കടം കാർ സ്ഫോടനക്കേസിൽ കൂടുതൽ അറസ്റ്റുകൾ ഇന്ന് ഉണ്ടായേക്കും. അഞ്ചിലധികം പേരെ കൂടി കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഇന്നലെ റിമാൻഡിലായ അഞ്ച് പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. ഉപയോഗിച്ച വസ്തുക്കൾ പ്രതികൾക്ക് എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്താൻ പൊലീസും ഫോറൻസിക്കും സംയുക്തമായി അന്വേഷണം നടത്തി വരികയാണ്.