കോയമ്പത്തൂർ സ്ഫോടനം; ഐഎസ് ബന്ധം സമ്മതിച്ച് അറസ്റ്റിലായ പ്രതികളിലൊരാൾ
ചെന്നൈ: കോയമ്പത്തൂർ സ്ഫോടന കേസിലെ ഒരു പ്രതി ഐഎസ് ബന്ധം സമ്മതിച്ചുവെന്ന് റിപ്പോർട്ട്. സ്ഫോടനക്കേസിൽ അറസ്റ്റിലായ ഫിറോസ് ഇസ്മയിൽ ആണ് ഐഎസ് ബന്ധം സമ്മതിച്ചിരിക്കുന്നത്. കുറ്റസമ്മതമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ട്. കേരളത്തിലെ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നു എന്ന് ഇയാൾ വെളിപ്പെടുത്തി. 2020ൽ ഇയാളെ യുഎഇയിൽ നിന്ന് ഐഎസ് ബന്ധം ആരോപിച്ച് തിരികെ അയച്ചിരുന്നു. ഇന്ത്യയിലെത്തിയ ശേഷവും ഐഎസ് ബന്ധം സൂക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു.