കോയമ്പത്തൂര്‍ സ്ഫോടനം: അന്വേഷണം ‘ഇസ്ലാമിയ പ്രചാര പേരവൈ’യിലേക്ക്

കോയമ്പത്തൂർ: കോയമ്പത്തൂർ സ്ഫോടനക്കേസ് അന്വേഷണം ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്ഫോടനത്തിനും അസ്വാഭാവിക മരണത്തിനും കേസെടുത്തിട്ടുണ്ട്. സ്ഫോടനത്തിൽ മരിച്ച ജമേഷ മുബീന്‍റെ വീട്ടിൽ നിന്ന് 109 തൊണ്ടി വസ്തുക്കൾ കണ്ടെടുത്തതായി എഫ്ഐആറിൽ പറയുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് ‘ഇസ്ലാമിയ പ്രചാര പേരവൈ’ എന്ന സംഘടനയിലെ രണ്ട് അംഗങ്ങളെ അന്വേഷണ സംഘം ചോദ്യം ചെയ്തു. കൂടുതൽ പേർ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.

എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം സ്ഫോടനത്തിനും സിആർപിസി 174 പ്രകാരം അസ്വാഭാവിക മരണത്തിനും ദേശീയ അന്വേഷണ ഏജൻസി എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ് വിഘ്നേഷിനാണ് അന്വേഷണ ചുമതല. സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്‍റെ വീട്ടിൽ നിന്ന് പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, നൈട്രോഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ, ഫ്യൂസ് വയർ, ഗ്യാസ് സിലിണ്ടറുകൾ, ലഘുലേഖകൾ എന്നിവയുൾപ്പെടെ 109 വസ്തുക്കൾ പിടിച്ചെടുത്തതായി എഫ്ഐആറിൽ പറയുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കസ്റ്റഡിയിലുള്ള അഞ്ച് പേരുമായി സമ്പർക്കം പുലർത്തിയവരിലേക്കും അന്വേഷണം നീളുകയാണ്. ‘ഇസ്ലാമിയ പ്രചാര പേരവൈ’ ഭാരവാഹിയായ അബ്ദുൾ ഖാദർ, മേലപാളയം സ്വദേശി മുഹമ്മദ് ഹുസൈൻ എന്നിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.