കോയമ്പത്തൂർ സ്ഫോടനം; ലക്ഷ്യമിട്ടത് ലോണ്‍ വൂള്‍ഫ് അറ്റാക്കെന്ന് എൻഐഎ

ന്യൂഡൽഹി: കോയമ്പത്തൂരിലെ കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ ശ്രമിച്ചത് ലോണ്‍ വൂള്‍ഫ് അറ്റാക്കിനായിരുന്നെന്ന് എൻഐഎ. ആൾക്കൂട്ടത്തിലേക്ക് ആയുധങ്ങളുമായി ഒറ്റയ്ക്ക് വന്ന് ആക്രമണ പരമ്പര നടത്തുന്നതാണ് ലോൺ വൂൾഫ് മോഡൽ. എന്നാൽ, ജമേഷ മുബിന്‍റേത് പാളിപ്പോയ ചാവേറാക്രമണമാണെന്ന് എൻ.ഐ.എ വ്യക്തമാക്കി.

ദീപാവലിയുടെ തലേന്ന് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം തിരക്കേറിയ സ്ഥലങ്ങളിലേക്ക് ഓടിച്ച് കയറ്റി ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതി. ഇതിനായി കോട്ടമേട് സംഗമേശ്വര ക്ഷേത്രം, മുണ്ടിവിനായക ക്ഷേത്രം, കോനിയമ്മൻ കോവിൽ എന്നിവിടങ്ങളിൽ ഇയാളും കൂട്ടാളികളും നിരീക്ഷണം നടത്തിയിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്.

പരിചയക്കുറവ് കാരണം ലക്ഷ്യമിടുന്നതിനുമുമ്പ് സ്ഫോടനമുണ്ടായത് വലിയ അപകടം ഒഴിവാക്കി. ആസൂത്രണത്തിലും സ്ഫോടക വസ്തുക്കളുടെ ശേഖരണത്തിലും നിരവധി പേർക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ഗാന്ധി പാർക്കിലെ ബുക്കിംഗ് സെന്‍ററിൽ നിന്നാണ് ജമേഷ മുബിൻ, അസ്ഹറുദ്ദീൻ, ഫിറോസ് ഖാൻ എന്നിവർ പാചകവാതക സിലിണ്ടറുകൾ വാങ്ങിയത്.