കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് അടച്ചിടാന്‍ ഉത്തരവിട്ട് കലക്ടർ

കോട്ടയം: ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ സമരം ചെയ്യുന്ന കോട്ടയത്തെ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഇന്ന് മുതൽ ജനുവരി എട്ട് വരെ അടച്ചിടും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീയുടെ ഉത്തരവിനെ തുടർന്നാണ് നടപടി. വിദ്യാർത്ഥികളോട് ഹോസ്റ്റലുകൾ ഒഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിസ്മസ് ദിനം മുതൽ സമരം ശക്തമാക്കാൻ വിദ്യാർത്ഥികൾ തീരുമാനിച്ച സാഹചര്യത്തിലാണ് കളക്ടറുടെ നടപടി. വിദ്യാർത്ഥികളുടെ നിരാഹാര സമരത്തിനിടെ അനിഷ്ട സംഭവങ്ങൾക്ക് സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 2011ലെ കേരള പൊലീസ് ആക്ടിലെ സെക്ഷൻ 81 പ്രകാരമാണ് നടപടി.

ഡിസംബർ അഞ്ച് മുതൽ വിദ്യാർത്ഥികളുടെ സമരം നടക്കുകയാണ്. ഡിസംബർ 25 മുതൽ വിദ്യാർത്ഥികൾ നിരാഹാര സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാമെന്നും ക്രമസമാധാന പരിപാലനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കാണിച്ച് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കൂടിയായ സബ് കളക്ടർ സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി. തുടർന്ന് പൊലീസ് ക്യാമ്പസിലെത്തി കളക്ടറുടെ ഉത്തരവ് വിദ്യാർത്ഥികളെ ധരിപ്പിച്ചു. വിദ്യാർത്ഥികളോട് ഹോസ്റ്റലുകൾ ഒഴിയാനും പൊലീസ് ആവശ്യപ്പെട്ടു. പള്ളിക്കത്തോട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ക്യാമ്പസിലെത്തിയത്. 

ഇൻസ്റ്റിറ്റ്യൂട്ടിലെ താൽക്കാലിക ജോലി നിലനിൽക്കണമെങ്കിൽ ഡയറക്ടറുടെ വീട്ടിലെ ജോലി ഏറ്റെടുക്കാൻ കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ശങ്കർ മോഹൻ ഇൻസ്റ്റിറ്റ്യൂട്ടിലെ താൽക്കാലിക ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. അവിടെയും ഡയറക്ടറുടെ കുടുംബം ജീവനക്കാരോട് ജാതി വിവേചനത്തോടെയാണ് പെരുമാറിയതെന്ന് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു. ഇതിന് പുറമെ, എസ്.സി/എസ്.ടി വിദ്യാർത്ഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനം നിഷേധിക്കുന്ന സാഹചര്യമാണുള്ളതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ശങ്കർ മോഹൻ ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായി ചുമതലയേറ്റത് മുതൽ വിദ്യാർത്ഥികളും ഡയറക്ടറും തമ്മിൽ സംഘർഷമുണ്ടായിരുന്നു. കഴിഞ്ഞ ഐഎഫ്എഫ്കെയിൽ സംവിധായകന്‍റെ ജാതി വിവേചനത്തിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും നിരവധി സിനിമ, സാമൂഹിക മേഖലകളിൽ നിന്നുള്ളവർ പങ്കെടുക്കുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷ സാധ്യതയുണ്ടെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.