സുപ്രീം കോടതി ജഡ്ജിമാരായി മലയാളി അഭിഭാഷകനടക്കം 4 പേരെ ഉയർത്താനുള്ള നടപടി കൊളീജീയം അവസാനിപ്പിച്ചു
ദില്ലി: മുതിർന്ന മലയാളി അഭിഭാഷകൻ ഉൾപ്പെടെ നാലുപേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തുന്ന പ്രക്രിയ കൊളീജിയം നിർത്തിവെച്ചു. സെപ്റ്റംബർ 30ന് യോഗം ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. കത്തിലൂടെ ജഡ്ജിമാരെ നിയമിക്കണമെന്ന ചീഫ് ജസ്റ്റിസിന്‍റെ ആവശ്യത്തെ ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, അബ്ദുൾ നസീർ എന്നിവർ എതിർത്തതായി കൊളീജിയം പ്രസ്താവനയിൽ പറയുന്നു.
പുതിയ ചീഫ് ജസ്റ്റിസിനെ ശുപാർശ ചെയ്യാൻ കേന്ദ്രം കത്ത് നൽകിയതിനെ തുടർന്നാണ് കൊളീജിയം നടപടി അവസാനിപ്പിച്ചത്. പഞ്ചാബ്, ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസ് രവിശങ്കര്‍ ഝാ, പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോള്‍, മണിപ്പുര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.വി. സഞ്ജയ് കുമാര്‍ എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താനായിരുന്നു ശുപാർശ.
പിൻഗാമിയുടെ പേർ നിർദ്ദേശിക്കാൻ കേന്ദ്ര നിയമ മന്ത്രാലയം ചീഫ് ജസ്റ്റിസ് യു യു ലളിതിനോട് ആവശ്യപ്പെട്ടിരുന്നു. ലളിതിന്‍റെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് കത്ത്. ഇതിന് പിന്നാലെയാണ് മലയാളിയായ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ ഉൾപ്പെടെ 4 ജഡ്ജിമാരെ നിയമിക്കാനുള്ള സാധ്യതയും ഉയർന്നത്. അതെ സമയമാണ് പിൻഗാമിയുടെ പേര് നിർദേശിക്കാൻ കേന്ദ്രം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സുപ്രീം കോടതിയുടെ 50-ാമത് ചീഫ് ജസ്റ്റിസിനെ നിയമിക്കാനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. ലളിത് വിരമിക്കുന്നതിന് ഒരു മാസം മുമ്പാണ് നിയമ മന്ത്രാലയം കത്തയച്ചത്. സാധാരണഗതിയിൽ വിരമിക്കുന്നതിന് ഒരു മാസം മുമ്പ് സുപ്രീം കോടതി ജഡ്ജിമാർ ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസാകാൻ പോകുന്ന വ്യക്തിയുടെ പേര് നിർദ്ദേശിക്കേണ്ടതുണ്ട്. ഇതിന് മുന്നോടിയായാണ് കേന്ദ്രം കത്ത് നൽകിയത്. യു.യു ലളിത് അടുത്ത മാസം എട്ടിന് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് നിന്ന് വിരമിക്കും.