പരാമർശങ്ങൾ അപക്വമെന്ന് കാനം: മറുപടിയില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുസ്ലിം ലീഗിനെ കുറിച്ചുള്ള തന്‍റെ പരാമർശങ്ങൾ അപക്വമാണെന്ന് വിമർശിച്ച കാനത്തിന് മറുപടിയില്ലെന്ന് എം വി ഗോവിന്ദൻ. മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.

മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന് എൽ.ഡി.എഫ് സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ട ആവശ്യമില്ലെന്നും എം.വി ഗോവിന്ദന്‍റെ പ്രസ്താവനയുടെ ഫലമായി യു.ഡി.എഫിലെ ഐക്യം കൂടുതൽ ശക്തിപ്പെട്ടെന്നും കാനം വിമർശിച്ചിരുന്നു.

ചില പ്രസ്താവനകൾ നെഗറ്റീവ് ഇഫക്റ്റ് ഉണ്ടാക്കും. ഈ പ്രസ്താവനയുടെ അനന്തരഫലം എന്താണെന്ന് കാലം തീരുമാനിക്കട്ടെ. അദ്ദേഹത്തെ നേരിൽ കാണുമ്പോൾ പ്രസ്താവനയെക്കുറിച്ച് ചർച്ച ചെയ്യും. താൽക്കാലിക ലാഭത്തിനായി എടുക്കുന്ന നിലപാടുകൾ ദീർഘകാല അടിസ്ഥാനത്തിൽ ദോഷം ചെയ്യില്ലെന്ന് നമുക്ക് ഉറപ്പ് പറയാൻ പറ്റുമോ? ഇതൊക്കെ വളരെ ശ്രദ്ധയോടെ പറയേണ്ട കാര്യങ്ങളാണ്. മുൻകാലങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ സ്വീകരിച്ച നിലപാടുകൾ ജനമനസ്സിലുണ്ടാകുമെന്നും കാനം പറഞ്ഞിരുന്നു.