ഇംഗ്ലണ്ട് ജയിച്ചതോടെ ഒമർ ലുലുവിന്റെ പേജിൽ കമന്റ് മേളം
കൊച്ചി: ടി20 ലോകകപ്പ് ഫൈനലിൽ പാകിസ്ഥാന്‍റെ ബൗളിംഗ് തന്ത്രങ്ങളെ മറികടന്ന് ഇംഗ്ലണ്ട് കിരീടം നേടിയതിന് പിന്നാലെ സംവിധായകൻ ഒമർ ലുലുവിന്റെ പേജിൽ അഞ്ച് ലക്ഷം രൂപ ചോദിച്ച് കമന്‍റുകൾ നിറഞ്ഞു. ട്രോളുകളും സജീവമാണ്. “ഇംഗ്ലണ്ട് ജയിക്കും, ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്” എന്നായിരുന്നു ഞായറാഴ്ച രാവിലെ ഒരാളുടെ വെല്ലുവിളി. ഇതിന് താഴെ സമ്മതം പറഞ്ഞ് ഒമർ ലുലു എത്തി. ഇതോടെ എപ്പോഴാണ് പണം നൽകുക എന്ന ചോദ്യങ്ങൾ കൊണ്ട് കമന്‍റ് ബോക്സ് നിറയുകയാണ്.
അർധസെഞ്ചുറി നേടി ബെൻ സ്റ്റോക്സ് പൊരുതിയപ്പോൾ ഇംഗ്ലണ്ട് ആറ് പന്ത് ബാക്കി നിൽക്കെ വിജയ റൺസ് നേടി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തപ്പോൾ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ രണ്ടാം കിരീടമാണിത്. 2010ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ആദ്യ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ പാക് ബൗളർക്ക് ബെൻ സ്റ്റോക്സിന്‍റെ ഉജ്ജ്വല ബാറ്റിംഗിലൂടെ ഇംഗ്ലണ്ട് ഫൈനലിൽ മറുപടി നൽകി. സ്റ്റോക്സ് 49 പന്തിൽ 52 റൺസുമായി പുറത്താകാതെ നിന്നു. ജോസ് ബട്ലർ (17 പന്തിൽ 26), ഹാരി ബ്രൂക്ക് (23 പന്തിൽ 20), മോയിൻ അലി (12 പന്തിൽ 19) എന്നിവരും ഇംഗ്ലണ്ടിനായി തിളങ്ങി.