കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യന്‍ ഹോക്കി ടീമിനെ മന്‍പ്രീത് നയിക്കും

ന്യൂഡൽഹി : ജൂലൈ 28 മുതൽ ഓഗസ്റ്റ് 8 വരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമില്‍വെച്ചാണ് കോമൺവെൽത്ത് ഗെയിംസ് നടക്കുന്നത്. ഗെയിംസിലേക്ക് ഇന്ത്യന്‍ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. സീനിയർ താരങ്ങളുടെ മികച്ച നിരയാണ് ഇന്ത്യ അയക്കുന്നത്. ഫെബ്രുവരിയിൽ ഹോക്കി ഫെഡറേഷൻ ഓഫ് ഇന്ത്യ രണ്ടാം നിര ടീമിനെ അയയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാൽ അടുത്തിടെ സമാപിച്ച ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ പുതുമുഖങ്ങളെ അണിനിരത്തി ഇന്ത്യ മോശം പ്രകടനമാണ് കാഴ്ചവെച്ചത്. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ ടീമിലെ ഭൂരിഭാഗം അംഗങ്ങളും കോമൺവെൽത്ത് ഗെയിംസിനുള്ള ടീമിന്റെ ഭാഗമാണ്.

മൻപ്രീതിന്റെ നേതൃത്വത്തിലുള്ള ടീമിൽ പരിചയസമ്പന്നരായ പി.ആർ. ശ്രീജേഷ്, ഹർമൻപ്രീത് സിംഗ് എന്നിവരും ഉണ്ട്. കോമൺവെൽത്ത് ഗെയിംസിന്റെ പൂൾ ബിയിലാണ് ഇന്ത്യ മത്സരിക്കുന്നത്. ഘാന, ഇംഗ്ലണ്ട്, കാനഡ, വെയിൽസ് എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് രാജ്യങ്ങൾ. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ ഫൈനലിനു യോഗ്യത നേടും.