രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം വർഗീയതയെന്ന് സിപിഎം സെക്രട്ടറി എം.വി ഗോവിന്ദൻ
ആലപ്പുഴ: വർഗീയതയാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. “അംബാനിയും അദാനിയും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിലേക്ക് വരുന്നു. ഇന്ത്യയുടെ എല്ലാ സമ്പത്തും കോർപ്പറേറ്റുകൾക്ക് കൈമാറി. ലോകത്തിലെ ഏറ്റവും വലിയ ബൂർഷ്വാസിയായി അദാനിയെ രൂപപ്പെടുത്തി. ധനികർ വീണ്ടും സമ്പന്നരാകുകയും ദരിദ്രർ വീണ്ടും ദരിദ്രരാകുകയും ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
“രാജ്യം നേരിടുന്ന ഏറ്റവും വലിയ അപകടം വർഗീയതയാണ്. 2024 ലെ പാർലമെന്‍റ് തിരഞ്ഞെടുപ്പ് ഇന്ത്യ നിലനിൽക്കണോ വേണ്ടയോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. ബിജെപി മൂന്നാം തവണയും അധികാരത്തിലെത്തിയാൽ 2025 ൽ ആർഎസ്എസിന്‍റെ നൂറാം വാർഷികത്തിൽ ഹിന്ദു രാഷ്ട്രം സ്ഥാപിക്കുക എന്ന സ്ഥാപക മുദ്രാവാക്യമായിരിക്കും നടപ്പിലാക്കുക. എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് പരമാവധി നടപ്പാക്കുമെന്ന് ബിജെപി അധ്യക്ഷൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൗരത്വ ഭേദഗതി നിയമവും നടപ്പാക്കും. 2025 ൽ ഹിന്ദു രാഷ്ട്രം നടപ്പാക്കും.” അദ്ദേഹം കൂട്ടിച്ചേർത്തു.
ചെങ്ങന്നൂരിൽ എ.കെ.പി.സി.ടി.എ അവാർഡ് സമ്മാനിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കോളേജ് ടീച്ചേഴ്സ് അസോസിയേഷന്‍റെ പരിപാടിയായിരുന്നെങ്കിലും ബന്ധുനിയമന വിവാദത്തെ കുറിച്ചും വൈസ് ചാൻസലർ വിഷയത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചില്ല.