ഗുരുവിന്റെ നവോത്ഥാന ചിന്തകള്‍ ഉഴുതുമറിച്ച കേരളത്തില്‍ അതിന് തുടര്‍ച്ച നല്‍കിയത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമന്ന് പിണറായി വിജയന്‍
തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്‍റെ ജൻമവാർഷികത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിന്‍റേതുൾപ്പെടെയുള്ള നവോത്ഥാന ചിന്തകളെ ഉഴുതുമറിച്ച കേരളത്തിലെ നവോത്ഥാന ചിന്തകൾക്കു തുടർച്ച നൽകിയത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്‍റെ മഹത്വത്തിന്‍റെയും ഉയർച്ചയുടെയും അടിത്തറ ആ തുടർച്ചയിലാണ്. നമ്മുടെ യാത്ര മുന്നോട്ട് പോകണം, അദ്ദേഹം കൂട്ടിച്ചേർത്തു. ജാതി, മത ചിന്തകൾ, ആചാരങ്ങൾ, അന്ധവിശ്വാസങ്ങൾ എന്നിവ വ്യാപകമായ ഒരു സമൂഹത്തിൽ നവോത്ഥാനത്തിന്‍റെ വെളിച്ചം വിതച്ച ശ്രീനാരായണ ഗുരുവിന്‍റെ ജൻമദിനമാണ് ശനിയാഴ്ച. ആ ഇടപെടലുകളും തത്ത്വചിന്തയും സമൂഹത്തിൽ മൊത്തത്തിൽ അനുരണനം സൃഷ്ടിച്ചു. സവർണ്ണ ആധിപത്യ യുക്തികളെ ചോദ്യം ചെയ്താണ് ഗുരു സാമൂഹിക പരിഷ്കരണത്തിനായുള്ള പോരാട്ടത്തിന് തുടക്കമിട്ടത്. നവോത്ഥാന കേരളത്തിന്‍റെ കണ്ണാടിയാണ് ഗുരുദർശനമെന്നും പിണറായി വിജയൻ പറഞ്ഞു. ഗുരു വിഭാവനം ചെയ്ത സമൂഹമായി മാറാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. വർഗീയതയും ജാതീയതയും വിദ്വേഷ രാഷ്ട്രീയവും വഴിയിലുടനീളം വെല്ലുവിളികളായി അവശേഷിക്കുന്നു. സങ്കുചിത താൽപ്പര്യങ്ങൾ മാനുഷിക ഐക്യത്തെ ശിഥിലമാക്കാൻ അനുവദിക്കരുത്. ഗുരുവിന്‍റെ ചിന്തകളും ഗുരുവിന്‍റെ പോരാട്ട ചരിത്രവും നമുക്ക് അക്ഷയമായ ഊർജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.