തനിക്കെതിരെ മോശം വാക്കുകൾ ഉയർത്തുവാൻ കോൺഗ്രസുകാർക്കിടയിൽ മത്സരം; മോദി

അഹമ്മദാബാദ്: തനിക്കെതിരെ ഏറ്റവും മോശം വാക്കുകൾ ആര് ഉപയോഗിക്കുമെന്ന കാര്യത്തിൽ കോൺഗ്രസുകാർക്കിടയിൽ മത്സരമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധുസൂദനൻ മിസ്ത്രിയെ പരാമർശിച്ച മോദി, ഖർഗെയ്ക്കു മുൻപ് മറ്റൊരു കോൺഗ്രസ് നേതാവും ‘കോൺഗ്രസ് മോദിയുടെ സ്ഥാനം കാട്ടിക്കൊടുക്കും’ എന്നു പറഞ്ഞിരുന്നതായും വ്യക്തമാക്കി. ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ കലോൽ പട്ടണത്തിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എനിക്കുനേരെ ഉയരുന്ന മോശം വാക്കുകൾ ഗുജറാത്തിനാകെ അപമാനമാണ്. ഈ നാട്ടിലെ ജനങ്ങളാണ് എന്നെ വളർത്തിയത്. താമരയ്ക്കു വോട്ട് ചെയ്ത് ഈ കോൺഗ്രസ് നേതാക്കളെ പാഠം പഠിപ്പിക്കണം. ഖർഗെജിയെ ബഹുമാനിക്കുന്നു. പക്ഷേ, അദ്ദേഹത്തിന് ഹൈക്കമാൻഡിൽനിന്നുള്ള നിർദേശങ്ങൾ പിന്തുടരണം. മോദിക്കു രാവണനെപ്പോലെ 100 തലയുണ്ടെന്നു പറയാൻ അദ്ദേഹം നിർബന്ധിതനായി.

എന്നാൽ കോൺഗ്രസിന് ഇതു ഗുജറാത്താണെന്നും രാമഭക്തരുടെ നാടാണെന്നും മനസ്സിലായിട്ടില്ല. രാമന്‍ ജീവിച്ചിരുന്നുവെന്നു വിശ്വസിക്കാത്തവർ ഇപ്പോൾ എന്നെ അപമാനിക്കാനായി രാവണനെ കൂട്ടുപിടിക്കുകയാണ്. ഖേദം പ്രകടിപ്പിക്കാൻ അവർ തയാറായില്ലെന്നത് എന്നെ അദ്ഭുതപ്പെടുത്തുന്നു. മോദിക്കുനേരെ മോശം വാക്കുകൾ ഉപയോഗിക്കാൻ അവകാശമുണ്ടെന്നു കോൺഗ്രസ് നേതാക്കൾ കരുതുന്നു. അതുവഴി അവർ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ആണ് അപമാനിക്കുന്നത്.” മോദി പറഞ്ഞു.