കോമ്പറ്റീഷൻ കമ്മീഷന്റെ പിഴ കനത്ത പ്രഹരമെന്ന് ഗൂഗിൾ

ന്യൂഡൽഹി: കോമ്പറ്റീഷൻ കമ്മീഷൻ പിഴ ചുമത്തിയ സംഭവത്തിൽ പ്രതികരിച്ച് ഗൂഗിൾ. ഈ തീരുമാനം ഇന്ത്യൻ ഉപഭോക്താക്കൾക്കും വ്യവസായത്തിനും കനത്ത പ്രഹരമാണെന്ന് ഗൂഗിൾ പറഞ്ഞു. കൂടുതൽ പരിശോധനകൾക്ക് ശേഷം ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.

അമേരിക്കൻ ടെക് ഭീമനായ ഗൂഗിളിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) 1,337.76 കോടി രൂപയാണ് പിഴ ചുമത്തിയത്. ആൻഡ്രോയിഡ് ലോകത്തെ ആധിപത്യം ദുരുപയോഗം ചെയ്തതിനാണ് ഗൂഗിളിന് വൻതുക പിഴ ചുമത്തിയത്.

ഗൂഗിൾ ആപ്ലിക്കേഷനുകൾക്ക് സമാനമായ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം ആൻഡ്രോയിഡ് അധിഷ്ഠിത മൊബൈലുകളിൽ പരിമിതപ്പെടുത്തിയതായി കോമ്പറ്റീഷൻ കമ്മീഷൻ കണ്ടെത്തിയിരുന്നു. വെബ് ലോകത്ത് ‘സെർച്ച് ആധിപത്യം’ നിലനിർത്തുന്നതിനായി ഗൂഗിൾ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളിൽ തങ്ങളുടെ സെർച്ച് എഞ്ചിൻ അടിച്ചേൽപ്പിക്കുകയാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.