പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒപ്പം നിർത്താൻ മത്സരം; വിമർശനവുമായി കെ സുരേന്ദ്രൻ
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒരുമിച്ച് നിർത്താൻ സി.പി.എമ്മും കോൺഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് അംഗങ്ങളെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് പോപ്പുലർ ഫ്രണ്ട് നിരോധനം മുന്നിൽ കണ്ട് നിരോധനത്തിനെതിരെ സി.പി.എം ആദ്യം രംഗത്തുവന്നത്. നിരോധനത്തെ സ്വാഗതം ചെയ്ത ലീഗ് ഇപ്പോൾ മലക്കം മറിയുന്നത് തീവ്രവാദികളുടെ പിന്തുണ ഉറപ്പാക്കാനാണ്.
ആർ.എസ്.എസിനെയും നിരോധിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ വിലപിക്കുന്നതും പോപ്പുലർ ഫ്രണ്ട് കേഡർമാരെ ലക്ഷ്യമിട്ടാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. മതതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പാർട്ടികൾ കേരളത്തെ അപകടത്തിലാക്കുകയാണ്. നാല് വോട്ടിന് വേണ്ടി ഭീകരവാദികളെ കൂടെ നിർത്തുന്ന മതേതര പാർട്ടികളാണെന്ന് അവകാശപ്പെടുന്ന ഇത്തരക്കാർക്കെതിരെ കേരളത്തിലെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോപ്പുലർ ഫ്രണ്ടിനെതിരെ മൃദുസമീപനമാണ് കേരള സർക്കാർ തുടരുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. സി.പി.എമ്മും പിണറായി വിജയനും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സമീപനമാണ് കൈക്കൊള്ളുന്നത്. നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുള്ള ഐ എൻ എല്ലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണം. മതതീവ്രവാദികളെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള സി.പി.എമ്മിന്‍റെ ശ്രമങ്ങൾക്കെതിരെ സി.പി.എമ്മിലെ മതനിരപേക്ഷ മനസുള്ളവർ പ്രതിഷേധിക്കണമെന്നും അദ്ദേഹം പറഞ്ഞു.