പരാതി സത്യസന്ധം, ഹണിട്രാപ്പിൽ കുടുക്കുമെന്ന് എൽദോസ് ഭീഷണിപ്പെടുത്തി: പരാതിക്കാരി
തിരുവനന്തപുരം: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയെ 10 വർഷമായി അറിയാമെന്നും പീഡന പരാതി സത്യസന്ധമാണെന്നും പരാതിക്കാരി. കേസ് പിൻവലിക്കാൻ 30 ലക്ഷം രൂപ നൽകാമെന്ന് എം.എൽ.എ വാഗ്ദാനം ചെയ്തു. ഹണിട്രാപ്പിൽ കുടുക്കുമെന്നും എൽദോസ് ഭീഷണിപ്പെടുത്തി. എം.എൽ.എയാണ് വീട്ടിലെത്തി കോവളത്തേക്ക് കൊണ്ടുപോയത്. പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
എൽദോസ് കുന്നപ്പിള്ളി ഒരു മദ്യപാനിയാണ്. മദ്യപിച്ചാൽ ഗുരുതരമായി ഉപദ്രവിക്കും. മദ്യപിച്ച് വീട്ടിലെത്തിയ എം.എൽ.എ മർദ്ദിക്കുകയായിരുന്നു. എം.എൽ.എ.യുടെ പീഡനം സഹിക്കവയ്യാതെ വന്നപ്പോഴാണ് പരാതി നൽകിയത്. കോവളത്ത് മർദ്ദനം കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. കേസ് ഒത്തുതീർപ്പാക്കാൻ പലരും വിളിച്ചിരുന്നു. കേസ് പിൻവലിക്കുന്നുവെന്നു വാട്സ്ആപ്പിൽ സന്ദേശം അയയ്ക്കാൻ കോവളം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ തന്നോട് ആവശ്യപ്പെട്ടതായും പരാതിക്കാരി ആരോപിക്കുന്നു.
യുവതിയെ തട്ടിക്കൊണ്ടുപോയി ആക്രമിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ, വീട്ടിൽ അതിക്രമിച്ചു കടക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി എൽദോസിനെതിരെ കോവളം പൊലീസ് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോവളം പൊലീസിനെതിരെയും ആരോപണമുള്ളതിനാൽ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ ഭാഗികമായി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. യുവതി കുഴഞ്ഞുവീണതിനാൽ മൊഴി രേഖപ്പെടുത്തൽ പൂർത്തിയായില്ല. ഇന്നും തുടരും.