സാങ്കേതിക സർവകലാശാലയിൽ അനധികൃത നിയമനം നടന്നെന്ന് ഗവർണർക്ക് പരാതി

തിരുവനന്തപുരം: എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലെ 86 താൽക്കാലിക തസ്തികകളിലേക്ക് അനധികൃത നിയമനം നടത്തിയെന്നാരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകി. ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷനാണ് പരാതി നൽകിയത്.

അഡ്മിനിസ്ട്രേഷനിലെ 54 പേർ, 19 ഇ-ഗവേണൻസ് സപ്പോർട്ട് സ്റ്റാഫ്, ഒമ്പത് ഓഫീസ് അറ്റൻഡർമാർ, നാല് ഡ്രൈവർമാർ എന്നിവരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ടെന്നും ഇവരെല്ലാം സി.പി.എം അനുഭാവികളാണെന്നും പരാതിയിൽ പറയുന്നു.

പാർട്ടി പ്രവർത്തകർ, സിൻഡിക്കേറ്റ് അംഗങ്ങളുടെ അയൽക്കാർ, മുൻ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ്, നിലവിലെ മന്ത്രിമാരുടെ അടുത്ത അനുയായികൾ എന്നിവരെയാണ് ഇത്തരത്തിൽ നിയമിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇടത് യൂണിയൻ നേതാവിന്‍റെ ഭാര്യയെയും ഇത്തരത്തിൽ നിയമിച്ചു. അത്തരം നിയമനങ്ങളെല്ലാം സംഘടനാ പ്രവർത്തനത്തിനായി ഉപയോഗിക്കുന്നു.

എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചാണ് താൽക്കാലിക നിയമനങ്ങൾ നടത്തുന്നതെന്ന് പരാതിയിൽ പറയുന്നു. പരീക്ഷകൾ നടത്താതെ ഇന്‍റർവ്യൂ മാത്രം നടത്തിയാണ് താൽക്കാലിക നിയമനങ്ങൾ നടത്തിയത്. വാഹനമോടിക്കാൻ അറിയാത്തവരെ പാർട്ടി കണക്ഷനുകളുടെ പേരിൽ ഡ്രൈവർമാരായി നിയമിച്ചെന്നും അപകടത്തിന് ശേഷം ഇറക്കിവിട്ടുവെന്നും പരാതിയിൽ പറയുന്നു.